ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്കറെ തയിബ ഭീകരൻ ഹാഷിം മൂസയെ പിടികൂടാൻ സുരക്ഷാ ഏജൻസികളുടെ ഊർജിത ശ്രമം. ഹാഷിം മൂസ ജമ്മു കശ്മീരിൽ തന്നെ ഒളിവിൽ കഴിയുന്നതായാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം.
ഹാഷിം മൂസ തെക്കൻ കശ്മീരിലെ വനങ്ങളിൽ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും അയാളെ കണ്ടെത്താൻ സമഗ്രമായ ഓപ്പറേഷൻ ആരംഭിച്ചതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇയാൾ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ഹാഷിം മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളി പകർത്തിയ ദൃശ്യങ്ങൾ
ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് സ്ഥാപിക്കുന്നതിനായി ഹാഷിം മൂസയെ ജീവനോടെ അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു. പാക്കിസ്ഥാന്റെ സ്പെഷൽ സർവീസ് ഗ്രൂപ്പിലെ പാരാ കമാൻഡോ ആയി ഹാഷിം മൂസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഭീകരസംഘടനായ ലഷ്‍കറെ തയിബയിൽ ചേർന്ന് നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായി. 2023 ലാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഏഴു പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഹാഷിം മൂസ ഉൾപ്പെട്ടിരുന്നു. ബാരാമുള്ളയിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. കശ്മീരിൽ നടന്ന ആറു ഭീകരാക്രമണങ്ങളിൽ ഹാഷിം മൂസ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ കണക്ക്.
ഹാഷിം മൂസയെ കൂടാതെ ആദിൽ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരാണ് ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തത്. ഇവരെയും കണ്ടെത്താൻ ഊർജിത ശ്രമം നടക്കുന്നുണ്ട്. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.