കണ്ണൂർ പായത്ത് യുവതി ജീവനൊടുക്കിയത് ഭർതൃ പീഡനത്തെ തുടർന്നെന്ന് പരാതി. പായം കേളൻ പീടിക സ്വദേശി സ്നേഹയുടെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീൽ പരാതി നൽകി. കോളിത്തട്ട് സ്വദേശി ജിനീഷിനെതിരെയും കുടുംബത്തിനെതിരെയുമാണ് പരാതി നൽകിയത്.
ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പീഡനത്തെ തുടർന്നെന്ന് സ്നേഹ ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിക്ക് തൻ്റെ നിറമല്ലെന്ന് പറഞ്ഞ് ഭർത്താവ് ജിനീഷ് യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. സ്നേഹയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു.
കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. യുവതി ജീവനൊടുക്കുന്ന സമയത്ത് സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജിനീഷ് വീട്ടിലേക്ക് വിളിച്ച് വഴക്ക് പറഞ്ഞുവെന്നും ഇതിൽ സ്നേഹ വിഷമത്തിലായിരുന്നു എന്നുമാണ് ലഭ്യമാകുന്ന വിവരം. ഇതിന് ശേഷമാണ് സ്നേഹ ജീവനൊടുക്കിയത്.
2020ലാണ് ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് സ്ത്രീധനം വേണ്ടെന്നായിരുന്നു ജിനീഷിൻ്റെ വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിൻ്റെ പേരിലും പീഡനം അനുഭവിക്കേണ്ടി വന്നിട്ടണ്ട്. ജിനീഷിൻ്റെ കുടുംബം അന്ധവിശ്വാസമുള്ള കൂട്ടത്തിലാണ്. ഇതിൻ്റെ ഭാഗമായും സ്നേഹയ്ക്ക് നിരന്തരം പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ശരീരത്തിൽ ബാധ കയറിയെന്ന് പറഞ്ഞ് സ്നേഹയെ വിവിധ പൂജകൾക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു.
ഉളിക്കൽ പൊലീസ് സ്റ്റേഷനിലും, ഇരിട്ടി പൊലീസ് സ്റ്റേഷനിലും കുടുംബം നിരവധി തവണ പരാതി നൽകിയിരുന്നു. പരാതി നൽകി സ്റ്റേഷനിലേക്ക് വിളിപ്പിക്കുമ്പോൾ എല്ലാം ഇനി ഇങ്ങനെ ആവർത്തിക്കില്ലെന്ന് പറഞ്ഞ് പരാതികൾ ഒത്തുത്തീർപ്പാക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ മാനസിക- ശാരീരിക പീഡനം താങ്ങാൻ പറ്റാത്തതിനാലാണ് സ്നേഹ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. സ്നേഹയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പരിയാരം മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്.





