പഹൽഗാമിൽ ആക്രമണം; രണ്ട് ഭീകരരുടെ വീടുകൾ തകർത്തുവെന്ന് റിപ്പോർട്ട്

0
840

ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്; ഏറ്റുമുട്ടല്‍ തുടരുന്നു:
അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണം: ഐക്യരാഷ്ട്രസഭ

ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകൾ ഇടിച്ചുനിരത്തിയെന്ന് റിപ്പോർട്ട്. പ്രാദേശിക ഭരണകൂടമാണ് വീടുകൾ ഇടിച്ചുനിരത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം എന്നാണ് റിപ്പോർട്ട്.

ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്തത്. തോക്കർ അനന്ത്നാഗ് സ്വദേശിയും ഷെയ്ഖ് പുൽവാമ സ്വദേശിയുമാണ്. പൊലീസ് ഇരുവരുടെയും രേഖാചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. തകർത്ത വീടുകളിൽ സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹാഷിം മൂസ, അലിഭായ് എന്ന തല്‍ഹ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം ഇവരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഹാഷിം മൂസയും അലി ഭായിയും കഴിഞ്ഞ രണ്ട് വര്‍ഷമായി കശ്മീര്‍ താഴ്‌വരയിലുളളവരാണ്. മൂസ 2023-ലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ശ്രീനഗറിനടുത്തുളള ബഡ്ഗാം ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. മൂസ വന്നതിനുശേഷം അലി രാജ്യത്തേക്ക് നുഴഞ്ഞുകയറി. ഡച്ചിഗാം കാടുകളായിരുന്നു ഇയാളുടെ പ്രവര്‍ത്തന കേന്ദ്രം.

ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്; ഏറ്റുമുട്ടല്‍ തുടരുന്നു: അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

ജമ്മുകശ്മീരിലെ ബന്ദിപോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണം: ഐക്യരാഷ്ട്രസഭ

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

‘പ്രശ്‌നം രൂക്ഷമാവാതിരിക്കാന്‍ ഇരുസര്‍ക്കാരുകളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല്‍ വഷളാകുന്നില്ലെന്ന് ഇന്ത്യ-പാകിസ്താൻ സര്‍ക്കാരുകള്‍ ഉറപ്പാക്കണം’, സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു.