Tuesday, 13 May - 2025

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച

വത്തിക്കാൻ സിറ്റി: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. തുറന്ന ചുവന്ന കൊഫിനിൽ കിടത്തിയിരിക്കുന്ന മാർപാപ്പയുടെ ഭൗതിക ശരീരത്തിൽ ചുവന്ന മേലങ്കിയും തലയിൽ പാപൽ മീറ്റർ കിരീടവും കയ്യിൽ ജപമാലയും കാണാം.

അദ്ദേഹത്തിന്റെ വസതിയായ സാൻ്റ മാർത്ത ചാപ്പലിലാണ് ഭൗതികദേഹം ഇപ്പോഴുള്ളത്. ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം നടത്താൻ കർദ്ദിനാൾമാരുടെ യോഗം തീരുമാനിച്ചു. വത്തിക്കാൻ പ്രദേശിക സമയം 10 മണിക്കാണ് കബറടക്കം. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കർദിനാൾമാരുടെ യോഗം 12 മണിയോടെയാണ് ആരംഭിച്ചത്. യോഗത്തിൽ പങ്കെടുക്കാനും മറ്റ് ചടങ്ങുകൾക്കുമായി കേരളത്തിൽ നിന്ന് ക്ലിമിസ് കതോലിക്കാ ബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു.

മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി നാളെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും. വത്തിക്കാനിലെ പ്രാദേശിക സമയം ഒൻപത് മണിക്കാണ് പൊതുദർശനം. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ നടക്കുക സെന്‍റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് പുറത്ത് വെച്ചായിരിക്കും. ഇതിന് ശേഷം ഭൗതികശരീരം സെൻ്റ് മരിയ മജോറയിലേയ്ക്ക കൊണ്ടുപോകും. ഡീന്‍ ഓഫ് കര്‍ദിനാള്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും

തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തിൽ പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിട്ടുണ്ട്.

ശവകൂടീരത്തിൽ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തൻ്റെ പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്. വത്തിക്കാൻ പാപ്പയുടെ മരണപത്രം പുറത്ത് വിട്ടു. മുൻ മാർപാപ്പമാരിൽ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് തനിക്ക് അന്ത്യവിശ്രമം റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിരിക്കുന്നത്.

Most Popular

error: