ദ്വിദിന സന്ദര്‍ശനം; നരേന്ദ്രമോഡി ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറി സന്ദര്‍ശിക്കും

0
633

ജിദ്ദ: ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറി സന്ദര്‍ശിക്കും. ദശകങ്ങളായി സൗദിയില്‍ വ്യാപാരം നടത്തുന്ന ഇന്ത്യന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാക്ടറി. ഇവിടത്തെ ജോലിക്കാരിലും കൂടുതലും ഇന്ത്യക്കാരാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കിടെ ഇന്ത്യന്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുക പ്രധാനമന്ത്രി മോദിയുടെ പതിവാണ്. കഴിഞ്ഞ വര്‍ഷം കുവൈത്ത് സന്ദര്‍ശനത്തിടയിലും പ്രധാനമന്ത്രി ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു.
ഇത് മൂന്നാം തവണയാണ് മോദി സൗദി സന്ദര്‍ശനത്തിനെത്തുന്നത്. ആദ്യമായാണ് ജിദ്ദയില്‍ എത്തുന്നത്. മുമ്പ് രണ്ട് തവണയും റിയാദിലായിരുന്നു ഔദ്യോഗിക ചര്‍ച്ചകള്‍.

പ്രധാനമന്ത്രി എത്തുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഈന്തപ്പഴ ഫാക്ടറിയുടെ സംരംഭകന്‍ സല്‍മാന്‍ വര്‍സായിവാല പറഞ്ഞു. 50 വര്‍ഷമായി തന്റെ കുടുംബം ഇവിടെ ബിസിനസ് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വ്യാപാരം, വിതരണം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ തങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇവിടെ എത്തുന്നത് അപൂര്‍വമായ അവസരമായി കാണുന്നു. തന്റെ തൊഴിലാളികളും ഇതില്‍ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദൂരദര്‍ശന്‍ വാര്‍ത്താ സംഘം ഫാക്ടറിയിലെത്തി തൊഴിലാളികളുമായി സംസാരിക്കുകയും അഭിമുഖം സംപ്രേഷണം നടത്തുകയും ചെയ്തു.