സർജറിക്ക് പ്രവേശനം കിട്ടിയില്ല, ജോലി തുടങ്ങിയത് ട്യൂട്ടറായി; ആൻജിയോപ്ലാസ്‌റ്റിയുടെ വഴി മാറ്റിയ ഡോ.മാത്യു

0
388

ചെന്നൈ: എംബിബിഎസ് കഴിഞ്ഞ് സർജറിക്ക് പ്രവേശനം കിട്ടാതായപ്പോഴാണ് മാങ്ങാനംകാരൻ മാത്യു സാമുവൽ കളരിക്കലെന്ന യുവഡോക്‌ടർ പീഡിയാട്രിക് സർജറി ട്യൂട്ടറായി ജോലി തുടങ്ങിയത്. ചെന്നൈയിൽ പഠിക്കുമ്പോൾ ആൻജിയോപ്ലാസ്‌റ്റിയെക്കുറിച്ച് പല പ്രസിദ്ധീകരണങ്ങളിലും മാത്യു സാമുവൽ വായിച്ചു. അന്ന് ഇന്ത്യക്കാർക്ക് ആൻജിയോപ്ലാസ്‌റ്റിയെക്കുറിച്ചു വായിച്ചറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ എന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്.

സൂറിക്കിലെ ഡോ. ആൻഡ്രിയാക് ജെൻസിക്കായിരുന്നു അന്ന് ആൻജിയോപ്ലാസ്‌റ്റിയുടെ പരമാചാര്യൻ. മാത്യു സാമുവൽ കളരിക്കൽ അദ്ദേഹത്തിനു കത്തുകളെഴുതി. ചില ആശയങ്ങളും അദ്ദേഹത്തിനു മുന്നിൽവച്ചു. ഈ കത്തുകളോടും അതിലെ ആശയങ്ങളോടും താൽപര്യം തോന്നിയ ഡോ. ആൻഡ്രിയാക് ജെൻസിക് ഒരു സ്കോളർഷിപ് സംഘടിപ്പിച്ച് മാത്യു സാമുവലിനെ സൂറിക്കിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയ രണ്ടുപേരും പിന്നീട് യുഎസിലേക്ക് പോയി. അറ്റ്‌ലാന്റയിലെ എമറി സർവകലാശാലയിൽ ആൻജിയോപ്ലാസ്‌റ്റിയിൽ ഒന്നിച്ച് ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടങ്ങി. 1986ലാണ് മാത്യു സാമുവൽ ഇന്ത്യയിൽ തിരിച്ചെത്തുന്നത്. അന്ന് യുഎസിനെ അപേക്ഷിച്ച് ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യ 10 വർഷം പിന്നിലായിരുന്നെന്നാണ് ഒരു ദേശീയ മാധ്യമത്തോട് ഡോ. മാത്യു സാമുവൽ പറഞ്ഞത്.

1986ൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽവച്ചാണ് അദ്ദേഹം ആദ്യ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ആദ്യവർഷം 18 പേരിൽ ആൻജിയോപ്ലാസ്‌റ്റി നടത്തി. രണ്ടാം വർഷം എഴുപതായി. 1987 മുതൽ ആൻജിയോപ്ലാസ്‌റ്റിയിൽ മറ്റു ഡോക്‌ടർമാർക്കു പരിശീലനം നൽകാൻ തുടങ്ങി. അങ്ങനെ ഇന്ത്യയിലെ ആൻജിയോപ്ലാസ്‌റ്റിയുടെ ഗുരുവും നാഥനുമായി ഡോ. മാത്യു മാറുകയായിരുന്നു. പത്മശ്രീ, ഡോ. ബി.സി. റോയ് പുരസ്‌കാരങ്ങളും പിന്നീട് ഡോ. മാത്യുവിനെ തേടിയെത്തി.

ആൻജിയോപ്ലാസ്‌റ്റിയിൽ ലോഹ സ്‌റ്റെന്റുകൾക്കു പകരം സ്വയം വിഘടിച്ച് ഇല്ലാതാകുന്ന ബയോ സ്‌റ്റെന്റുകൾ വികസിപ്പിച്ചത് ഡോ. മാത്യു സാമുവൽ കളരിക്കലിന്റെയും ഇന്റർവെൻഷനൽ കാർഡിയോളജിസ്‌റ്റ് കൺസൽറ്റന്റ് ഡോ. സായ് സതീഷിന്റെയും നേതൃത്വത്തിലായിരുന്നു. ഏതാനും ദിവസങ്ങൾ മുൻപുവരെ വീൽചെയറിലെത്തി അദ്ദേഹം രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. മരണം വരെയും  അത്രത്തോളം കർമനിരതനായിരുന്നു അദ്ദേഹം.