ജിസ്മോളുടെയും മക്കളുടെയും സംസ്കാരം നാളെ; ഭർത്താവിന്റെ വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകില്ല; പള്ളിയിൽ പൊതുദർശനം

0
1343

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ നാളെ (ശനിയാഴ്ച) സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം. മൃതദേഹങ്ങൾ രാവിലെ 9 മണിക്ക് ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ എത്തിക്കും. തുടർന്ന് ഒന്നര മണിക്കൂർ പൊതുദർശനമുണ്ടാകും. അതേസമയം, ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകില്ല.

ഭർത്താവിന്റെ വീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോൾ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയിൽ സംസ്കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണം. തുടർന്ന് സഭാതലത്തിൽ രണ്ടുദിവസം നീണ്ട ചർച്ചയ്ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂർ പൊതുദർശനം നടത്താൻ ധാരണയായത്. പൊതുദർശനത്തിനുശേഷം ഉടൻ മൃതദേഹങ്ങൾ പാലായിലേക്ക് കൊണ്ടുപോകും. ജിസ്മോളുടെയും മക്കളുടെയും മ‍ൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്.

നിറത്തിന്റെ പേരിലും സാമ്പത്തിക സ്ഥിതിയുടെ പേരിലും ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ് പറഞ്ഞു. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

ജിസ്മോളുടെ ഫോൺ ഭർത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. വീട്ടിൽ വച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജിസ്മോൾ പുഴയിൽ ചാടുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.