ദമ്മാം: പ്രമുഖ ഗൾഫ് രാജ്യങളായ സഊദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ എളുപ്പത്തിൽ കടന്നു പോകാവുന്ന തരത്തിൽ സിംഗിള്‍ പോയിന്റ് യാത്രാ പരിശോധന സംവിധാനം വരുന്നു. ഇതോടെ യാത്രക്കാര്‍ക്ക് ഇനി മുതല്‍ സഊദി കസ്റ്റംസ് പോയിന്റിലൂടെ നിര്‍ത്താതെ കടന്നുപോകാനും ഡാറ്റയും വാഹന വിവരങ്ങളും പരിശോധിക്കാന്‍ സഊദി പാസ്പോര്‍ട്ട് പോയിന്റിലേക്ക് പോകാനും കഴിയും.
സഊദി നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കു മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. ഇത്തരം വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് കസ്റ്റംസ് പരിശോധനാ പോയിന്റില്‍ വാഹനം നിര്‍ത്താതെ ജവാസാത്ത് കൗണ്ടറിലെത്തി മുഴുവന്‍ നടപടിക്രമങ്ങളും ഒറ്റടയടിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സിംഗിള്‍ പോയിന്റ് രിതി നടപ്പാക്കിയത്. എല്ലാ അതിര്‍ത്തി നിയമങ്ങളും നടപ്പാക്കിക്കൊണ്ട് യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും കുറഞ്ഞ സമയത്തിനുള്ളിലും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി കോസ്‌വേ പ്ലസ് ട്രാക്ക് ആരംഭിച്ചിരുന്നു. ഇത് കസ്റ്റംസ്, ജവാസാത്ത് ഏരിയകളിലൂടെ വേഗത്തില്‍ കടന്നുപോകാന്‍ യാത്രക്കാരെ അനുവദിക്കുന്ന ട്രാക്ക് ആണ്. സ്മാര്‍ട്ട് ഫോണുകളിലെ കോസ്‌വേ ആപ്ലിക്കേഷന്‍ വഴി പുതിയ ട്രാക്ക് ഉപയോഗിക്കാനുള്ള സമയം ബുക്ക് ചെയ്യാനും ഫീസ് അടക്കാനും കഴിയും. ആപ്ലിക്കേഷനില്‍ യാത്രക്കാരന്‍ നിര്‍ണയിച്ച സമയത്തിന്റെ ഒരു മണിക്കൂറിനുള്ളില്‍ കോസ്‌വേയിലൂടെ കടന്നുപോകാനാകും. വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താന്‍ മണിക്കൂറില്‍ നിശ്ചിത എണ്ണം വാഹനങ്ങള്‍ കടന്നുപോകാന്‍ മാത്രമാണ് ഈ സേവനം വഴി അനുവദിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കിംഗ് ഫഹദ് കോസ്വേയിലൂടെ ഇരു ദിശകളിലേക്കുമായി 3.3 കോടിയിലേറെ യാത്രക്കാര്‍ സഞ്ചരിച്ചതായി അതോറിറ്റി വെളിപ്പെടുത്തി. 1986 ല്‍ പാലം തുറന്ന ശേഷം ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണമാണിത്. തിരക്കേറിയ സമയങ്ങളില്‍ പാലം കടക്കാനുള്ള ശരാശരി സമയം ഏകദേശം 21 മിനിറ്റായി കുറയുകയും ചെയ്തു.





