ഗൂഗിള്‍ മാപ്പ് നോക്കി നിലമ്പൂരിലേക്ക്, അധ്യാപകര്‍ രാത്രി എത്തിയത് ഉള്‍വനത്തില്‍; ചെളിയില്‍ പൂണ്ട് കാര്‍ കേടായി, രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്‌സ്

0
952

നിലമ്പൂര്‍: കല്യാണത്തിനു പോയ അധ്യാപകര്‍ വഴിതെറ്റി എത്തപ്പെട്ടത് നിലമ്പൂരിലെ കരിമ്പുഴ ഉള്‍വനത്തില്‍. കനത്ത മഴയായിരുന്നതിനാല്‍ കാര്‍ ചെളിയില്‍ പൂഴ്ന്ന് പുറത്തുകടക്കാനുള്ള വഴിയും ഇല്ലാതായി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് അധ്യാപകരെ കാട്ടില്‍ നിന്നു രക്ഷപ്പെടുത്തിയത്. സുഹൃത്തിന്റെ കല്യാണിത്തിനു പോയി രാത്രി തിരിച്ചുവരുകയായിരുന്നു വയനാട്ടിലുള്ള ഈ അഞ്ച് അധ്യാപകര്‍.

ഗൂഗിള്‍മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി- അകംപാടം വഴിയാണ് ഇവര്‍ സഞ്ചരിച്ചത്. എന്നാല്‍ വഴി തെറ്റുകയും കരിമ്പുഴ വനത്തിനുള്ളില്‍പെടുകയുമായിരുന്നു. രാത്രിയായതോടെ ശക്തമായ മഴയും പെയ്തു. ചെളിയുള്ള വഴിയായതു കാരണം കാറിന്റെ ടയര്‍ ചെളിയില്‍ പൂഴ്ന്നതോടെ പുറത്തുകടക്കാനും കഴിഞ്ഞില്ല.

വന്യമൃഗങ്ങളുള്ള കാട്ടില്‍ കുടുങ്ങിയ യുവാക്കള്‍ നിലമ്പൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി അധ്യാപക സംഘത്തെയും വാഹനത്തെയും പുറത്തെത്തിക്കുകയായിരുന്നു. ചെളിയില്‍ പൂഴ്ന്ന കാര്‍ കെട്ടിവലിച്ചാണ് പുറത്തെടുത്തത്.