Monday, 28 April - 2025

മീൻ കൊത്തിയ മുറിവിൽ അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

തലശ്ശേരി: കുളം വൃത്തിയാക്കുന്നതിനിടെ വിരല്‍ത്തുമ്പില്‍ മീന്‍ കുത്തിയതിനെ തുടർന്ന് മുറിവിലുണ്ടായ അണുബാധയെത്തുടര്‍ന്ന് യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിക്കടുത്ത് പൈക്കാട്ട് കുനിയില്‍ ടി.രജീഷിന്റെ (38) കൈപ്പത്തിയാണ് നീക്കിയത്.

ഫെബ്രുവരി ഒന്‍പതിന് വീടിനോടുചേര്‍ന്ന വയലില്‍ ചെറുകുളം വൃത്തിയാക്കവെയാണ് കുത്തേറ്റത്. പ്രാദേശികമായി കടു എന്ന് വിളിക്കുന്ന, മുഷിയെപ്പോലെയുള്ള മീനിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത മുള്ളാണ് കൊണ്ടത്. ആദ്യം സാരമാക്കിയില്ല. വേദന കൂടിയപ്പോള്‍ കോടിയേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെപ്പെടുത്തു.

വേദന കുറയാഞ്ഞതിനാല്‍ പള്ളൂര്‍, മാഹി ഗവ. ആസ്പത്രികളില്‍ ചികിത്സ തേടി. ക്രമേണ കൈ മടങ്ങാതായി. കഠിനവേദനയ്‌ക്കൊപ്പം വിരലിലും കൈപ്പത്തിയിലും കുമിളകള്‍ രൂപപ്പെട്ടു. മാഹിയിലെ സര്‍ജന്‍ കുമിള കീറി പരിശോധിച്ചപ്പോള്‍ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കി കോഴിക്കോട് ബേബി മെമ്മോറിയില്‍ ആസ്പത്രിയിലേക്ക് അയച്ചു. അവിടത്തെ പരിശോധനയിലാണ് ഗ്യാസ്ഗാംഗ്രീന്‍ എന്ന അപൂര്‍വ രോഗാവസ്ഥയാണെന്ന് കണ്ടെത്തിയത്.

ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം കാണുന്ന അണുബാധയാണിത്. ആദ്യം രണ്ടുവിരലുകള്‍ മുറിച്ചുമാറ്റി. ഫലമില്ലാഞ്ഞ് കൈപ്പത്തി നീക്കുകയായിരുന്നു. ക്ലോസ്ട്രിഡിയം, ക്ലബ്‌സിയല്ല എന്നീ ബാക്ടീരിയകളാണ് അണുബാധയുണ്ടാക്കിയത്. മണ്ണിലടക്കം കാണപ്പെടുന്ന ബാക്ടീരിയകളാണിത്. മുറിവിലൂടെ ഈ ബാക്ടീരിയകള്‍ അകത്ത് കടന്നിട്ടുണ്ടാകുമെന്ന് കരുതുന്നു.

കണ്ണൂര്‍ സ്പിന്നിങ് മില്ലിലെ തൊഴില്‍ ഇല്ലാതായതോടെ പശുവിനെ വളര്‍ത്തി ജീവിക്കുകയായിരുന്നു രജീഷ്. കൈപ്പത്തി നഷ്ടമായതോടെ ജീവിതവും പ്രതിസന്ധിയിലായി.

Most Popular

error: