Monday, 28 April - 2025

എല്ലാ കണ്ണുകളും സഊദിയിലേക്ക്; യുദ്ധത്തിൽ നിന്നും ഉക്രൈനും റഷ്യയും മോചിതമാകുമോ, ചർച്ച തുടങ്ങി

ജിദ്ദ: ലോകം സൗദി അറേബ്യയിലേക്ക് ഉറ്റുനോക്കുന്നു. യുദ്ധത്തിന്റെ കെടുതികളിൽനിന്ന് ഉക്രൈനും റഷ്യയും മോചിതമാകുമോ.

മൂന്നു വർഷമായി തുടരുന്ന ഉക്രൈൻ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ച ജിദ്ദയിൽ തുടങ്ങി. ഉക്രൈൻ-അമേരിക്കൻ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. റഷ്യക്കും ഉക്രൈനും ഇടയിൽ താൽക്കാലിക വെടിനിർത്തൽ വന്നേക്കുമെന്നാണ് സൂചന.

സമാധാനം കൈവരിക്കാനുമുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദി അറേബ്യയുടെ പിന്തുണ അറിയിച്ചു. ജിദ്ദ അൽസലാം കൊട്ടാരത്തിലെ റോയൽ കോർട്ടിൽ ഉക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയെ സ്വീകരിച്ചാണ് സൗദി പിന്തുണ വ്യക്തമാക്കിയത്.

ഉക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്റ് സെലെൻസ്‌കി നന്ദിയും അഭിനന്ദനവും അറിയിച്ചു.

മധ്യപൂർവദേശത്തും ലോകത്തും സൗദി അറേബ്യ വഹിക്കുന്ന നിർണായക പങ്ക് പ്രശംസനീയമാണെന്നും സെലൻസ്കി പറഞ്ഞു. ഉക്രൈൻ പ്രതിസന്ധിയുടെ ആദ്യ നാളുകൾ മുതൽ, സംവാദത്തിലൂടെ ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന പരിഹാരത്തിലെത്താനുള്ള ശ്രമങ്ങൾക്ക് സഹായിക്കാനുള്ള സൗദി അറേബ്യയുടെ സന്നദ്ധത മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനും ശാശ്വതവും വിശ്വസനീയവുമായ സമാധാനം ഉറപ്പാക്കാനും കാരണമായേക്കാവുന്ന നടപടികളെയും വ്യവസ്ഥകളെയും കുറിച്ച് സൗദി കിരീടാവകാശിയുമായി വിശദമായ ചർച്ച നടത്തിയതായി സെലൻസ്കി പിന്നീട് പറഞ്ഞു.

Most Popular

error: