കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി വാഗമണ്ണിൽ നിന്നും പിടിയിലായ സിനിമ മെയ്ക്കപ്പ്മാൻ ആർ.ജി വയനാടന്റെ കൊച്ചിയിലെ വീട്ടിൽ എക്സൈസ് പരിശോധന. ഇവിടെ നിന്നും ലഹരി ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പനമ്പിള്ളി നഗറിലെ ആർജി മെയ്ക്കപ്പ് സ്റ്റുഡിയോയിലും പരിശോധന നടക്കുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും നടത്തിയ പരിശോധനയിലാണ് വാഗമണ്ണിൽ
നിന്ന് ആർ.ജി വയനാടൻ എന്ന രഞ്ജിത്ത് ഗോപിനാഥൻ പിടിയിലാവുന്നത്.
എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി ഇയാളെ കണ്ടെത്തുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.