Monday, 28 April - 2025

” സ്വാഗത പോസ്റ്ററിൽ അമിത് ഷായ്ക്ക് പകരം സിനിമാ സംവിധായകൻ”; പോസ്റ്റർ വിവാദം

തമിഴ്നാട്ടിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷായെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സുകളിലും പോസ്റ്ററുകളിലും വിവാദം. റാണിപേട്ട് ജില്ലയിലെ മുതുകടായിൽ ഒട്ടിച്ച പോസ്റ്ററുകളിൽ അമിത് ഷായുടെ ചിത്രത്തിന് പകരം തമിഴ് നടനും സംവിധായകനുമായ സന്താനഭാരതിയുടെ ചിത്രം അച്ചടിച്ചതാണ് വിവാദത്തിന് ഇടയായത്. അമിത് ഷായുടെ ശരീര പ്രകൃതത്തോടും രൂപത്തോടും സാദൃശ്യമുള്ള സന്താനഭാരതിയുടെ ചിത്രം മാറി അച്ചടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സിഐഎസ്എഫ് ദിനത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിൽ തക്കോലത്ത് പുതുതായി നാമകരണം ചെയ്യപ്പെട്ട രാജാദിത്യ ചോള റിക്രൂട്ട്‌സ് പരിശീലന കേന്ദ്രത്തിൽ എത്തിയതായിരുന്നു അമിത് ഷാ. ചടങ്ങിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളിലാണ് സന്താനഭാരതിയുടെ ചിത്രം അച്ചടിച്ചത്. പോസ്റ്ററിൽ “ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ! ജീവിക്കുന്ന ചരിത്രം! സ്വാഗതം!” എന്ന് എഴുതിയിട്ടും ഉണ്ടായിരുന്നു.

പോസ്റ്ററുകളിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അരുൾമൊഴിയുടെ പേര് ചേർത്തിട്ടുണ്ട്. എന്നാൽ, ആ പോസ്റ്ററുകൾ പതിച്ചത് തൻ്റെ അറിവോടെ അല്ലെന്നും, ഇതിലൂടെ കേന്ദ്ര സർക്കാരിന്റെ ലോഗോ ദുരുപയോഗം ചെയ്തുവെന്നും അവർ ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് അവർ റാണിപേട്ട് പൊലീസ് സൂപ്രണ്ടിന് കത്തെഴുതിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയും പോസ്റ്റർ പാർട്ടി സ്ഥാപിച്ചതല്ലെന്നും, ഇത് മറ്റാരോ സൃഷ്ടിച്ചതാണെന്നും പറഞ്ഞു.

Most Popular

error: