മക്ക: മക്ക മദീന ഹറമുകൾ ജനസാഗരം. റമസാനിലെ ആദ്യ വെള്ളിയാഴ്ച എത്തിയത് ജന ലക്ഷങ്ങൾ. മക്കയിൽ മസ്ജിദുൽ ഹറം പരിസരവും മദീനയിലെ മസ്ജിദുന്നബവിയും തിങ്ങിനിറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പരിസരങ്ങളിലുമായി ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തവരുടെ നിര പ്രദേശം മുഴുവൻ വ്യാപിച്ചു.
റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ വിശ്വാസി സമൂഹം ഇന്നലെ തന്നെ എത്തി ഹറമുകളിൽ സ്ഥാനം പിടിച്ചിരുന്നു. ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തിയതോടെ ഹറം പള്ളി അങ്കണവും പരിസരത്തെ തെരുവുകളും നിറഞ്ഞു കവിഞ്ഞു.
തൻ്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും മുൻകരുതലുകൾ എടുക്കുകയും അധികം വൈകുന്നതിന് മുമ്പ് അവസരം മുതലെടുക്കുകയും ഉദാരമതിയും പരമകാരുണികനും ദയാലുവുമായ തൻ്റെ നാഥൻ്റെ കൃപ പ്രയോജനപ്പെടുത്തുന്നവൻ ഭാഗ്യവാനാണെന്നും മക്ക ഇമാം അൽ-ജഹ്നി പറഞ്ഞു.
റമസാൻ അനുഭവിച്ചറിയുന്നത് മഹത്തായ അനുഗ്രഹമാണെന്ന് അൽ ഹുതൈഫി ഇന്ന് മദീനയിലെ പ്രവാചകൻ്റെ മസ്ജിദിൽ നിന്ന് തൻ്റെ ജുമുഅ പ്രഭാഷണത്തിൽ പറഞ്ഞു.
പള്ളിയുടെ മുകൾ നിലകളും താഴത്തെ നിലകളും മുഴുവൻ തീർഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ചുറ്റുമുള്ള റോഡുകളിലേക്കും മറ്റും വിശ്വാസികളുടെ നിര നീണ്ടു.
ഹറം പള്ളിയിലെ എല്ലാ സൗകര്യങ്ങളും തീർഥാടകർക്ക് കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാനായി. തീർഥാടകരുടെ സുരക്ഷയ്ക്കായി ഇരു ഹറമുകളിലും പ്രത്യേക സേനയെയും സജ്ജമാക്കി വിന്യസിച്ചിരുന്നു. റമസാനിൽ നാനാദിക്കുകളിൽ നിന്നുമെത്തുന്ന വിശ്വാസികളുടെ ബാഹുല്യം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കിയിരിക്കുന്നത്.
ആദ്യ ജുമുഅ ദിവസം ഹറംകാര്യ വകുപ്പ് പദ്ധതി വിജയമായിരുന്നെന്ന് ഹറംകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. തീർഥാടകർക്ക് ഹറമിലെക്കും തിരിച്ചും യാത്രയ്ക്ക് ബസ്സുകളും ടാക്സികളും പൊതുഗതാഗത വകുപ്പ് ഒരുക്കിയിരുന്നു.സിവിൽ ഡിഫൻസ് , ട്രാഫിക് , ആരോഗ്യം, റെഡ് ക്രസന്റ്, മതകാര്യം , മുനിസിപ്പാലിറ്റി , ജല വൈദ്യുതി എന്നീ വകുപ്പുകൾക്ക് കീഴിലും സേവനത്തിന് നിരവധിയാളുകൾ രംഗത്തുണ്ടായിരുന്നു.
റമസാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിലേക്ക് നീങ്ങുകയാണ്. ജിസിസി, ടൂറിസം, ബിസിനസ്, വിസിറ്റ് എന്നിങ്ങിനെ വിവിധ തരം വീസകള്‍ വേഗത്തില്‍ ലഭ്യമായതോടെ. മക്കയിലേക്കും മദീനയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ദധനവുണ്ടായി.
റമസാനിലെ ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന പത്തിലേക്ക് നീങ്ങുന്നതോടെ സൗദിയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്ക് നീങ്ങും. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും ഹാറമുകൾ സാക്ഷ്യം വഹിക്കുക.