മലപ്പുറം: മലപ്പുറം മുൻ എസ്പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ച നടപടി ഹൈന്ദവ വോട്ടുകൾ നേടാനുള്ള സിപിഎം നീക്കമാണെന്ന് പി.വി അൻവർ. അന്വേഷണം സത്യസന്ധമായി നടത്താതെ സുജിത് ദാസിനെ തിരിച്ചെടുത്തു. സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചത് RSSനുള്ള സമ്മാനമാണെന്നും, പൊലീസിലെ RSS വത്കരണമാണ് കാണുന്നതെന്നും അൻവർ പറഞ്ഞു.
“സുജിത് ദാസിനെതിരായ സ്വർണക്കടത്ത് ആരോപണത്തിലും അന്വേഷണം നടത്തിയില്ല. അന്വേഷണം സത്യസന്ധമായി നടത്താതെ സുജിത് ദാസിനെ തിരിച്ചെടുത്തു. തൃശൂർ പൂരം കലക്കിയതിൽ രണ്ടാമത്തെ പ്രമുഖനാണ് സുജിത് ദാസ്. RSS നുള്ള നല്ല സന്ദേശമാണ് പാർട്ടി സമ്മേളനം നടക്കുമ്പോൾ തന്നെ സുജിത് ദാസിനെ തിരിച്ചെടുത്തത്,” പി.വി അൻവർ വ്യക്തമാക്കി. ആറു മാസത്തെ സസ്പെൻഷനു ശേഷമാണ് സുജിത് ദാസിനെ ഇന്ന് തിരിച്ചെടുത്തത്. സുജിത് ദാസിന് പുതിയ തസ്തിക നൽകിയിട്ടില്ല.
പി.വി എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. സംഭാഷണം വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വിവാദ ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്.