നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധിക വീടിന് പിന്നില്‍ ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര സ്വദേശിനിയായ നളിനികുമാരി (67) ആണ് ഇന്ന് ഉച്ചയോടെ സ്വയം ചിതയൊരുക്കി ജീവിതമവസാനിപ്പിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വീടിന് പിന്നില്‍ വിറകുകള്‍ കൂട്ടിയിട്ട് ചിതയൊരുക്കിയ ശേഷം അതിന് തീ കൊളുത്തി നളിനികുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് ദാരുണമായ ഈ കാഴ്ച കണ്ടത്.
ഉടന്‍ തന്നെ നാട്ടുകാര്‍ പൊലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയും ഇവരെ തീയണച്ച് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. നളിനികുമാരിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഒരു വര്‍ഷമായി ഗുരുതരമായ രോഗബാധിതനായി ചികിത്സയിലാണ്. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ കഴിയുകയാണ്. മക്കള്‍ വിദേശത്തായതിനാല്‍ നളിനികുമാരി വീട്ടില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
ഭര്‍ത്താവിന്റെ രോഗാവസ്ഥയും ഒറ്റപ്പെടലും മൂലമുണ്ടായ കടുത്ത മാനസിക വിഷമമാകാം ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ സഹായത്തിനായി ‘ദിശ’ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056ല്‍ ബന്ധപ്പെടുക.





