ഭാര്യയുടെ തല തിളച്ച കഞ്ഞിയിൽ മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

0
2133

തൃശ്ശൂര്‍: തിളച്ച കഞ്ഞിയിലേക്ക് ഭാര്യയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിനെ(30)യാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മൂന്നാംതീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

ഭാര്യ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഡെറിന്റെ അക്രമം. മദ്യപിച്ചെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുകയും മുഖത്തടിക്കുകയുംചെയ്തു. തുടര്‍ന്ന് കഴുത്ത് ഞെക്കിപ്പിടിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയശേഷം തിളച്ചിരിക്കുകയായിരുന്ന കഞ്ഞിയിലേക്ക് തല മുക്കിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഡെറിനെ ചായ്പ്പന്‍കുഴിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. വെള്ളിക്കുളങ്ങര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ആറ് ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.