ജിദ്ദ: ടൂത്ത് ബ്രഷ് ട്രീ എന്നറിയപ്പെടുന്ന സാൽവഡോറ പെർസിക്ക മരത്തിൽ നിന്നുള്ള പരമ്പരാഗത ച്യൂയിങ് സ്റ്റിക്കായ സിവാക്കിന് (മിസ് വാക്ക്) റമസാനിൽ പ്രത്യേക പ്രാധാന്യം തന്നെയുണ്ട്.
പലരും ദിനചര്യയിൽ ദന്തശുചീകരണത്തിനായി സിവാക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ റമസാനിൽ സിവാക്ക് ഉപയോഗിക്കുന്നത് മുഹമ്മദ് നബിയുടെ സുന്നത്ത് പിന്തുടരാനും കുടുംബത്തിനും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകാനുമാണ്.
സിവാക്കിൻ്റെ ഉപയോഗത്തിന് 1,400 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് സൗദിയിലെ സിവാക്ക് വിൽപനക്കാരനായ അഹമ്മദ് അൽ ഗംദി പറയുന്നത്. ഇത് മുഹമ്മദ് നബി ഉപയോഗിച്ചിരുന്നതിനാലാണ് വ്യാപകമായ ജനപ്രീതിക്ക് കാരണമായത്. പ്രത്യേകിച്ച് റമസാനിൽ. സിവാക്ക് വിളവെടുപ്പ് പ്രക്രിയയിൽ ആരോഗ്യമുള്ളതും കരുത്തുറ്റതുമായ മരങ്ങളുടെ തിരഞ്ഞെടുപ്പും ഉൾപ്പെടുന്നുവെന്ന് അൽ ഗംദി വിശദീകരിച്ചു.
പൗരാണിക കാലം മുതൽ അറബികളും, ദക്ഷിണാഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യൻ ജനതയും ദന്തശുചീകരണത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നത് മരുപ്രദേശങ്ങളിലും മറ്റും ധാരാളമായി കാണുന്ന ‘അറാക്ക്’ ചെടിയുടെ വേരിന്റെ കഷ്ണങ്ങളാണ്.നിത്യഹരിത ചെടികളായി പടർന്നു പന്തലിച്ചു നിൽക്കുന്ന അറാക്ക് ചെടികൾ ജിസാൻ ഭാഗത്തും മറ്റും പരക്കെ കാണാം. അറാക്ക് വേരിന്റെ സത്ത് വായക്കും പല്ലുകൾക്കും മോണകൾക്കും വളരെയേറെ ഗുണകരമാണ്.
മരുഭൂമിയിലും തോടുകൾക്കരികിലും മറ്റും വളരുന്ന അറാക്ക് ചെടികളുടെ വേരുകൾ ആഴത്തിൽ പരിശോധിച്ചാണ് മിസ്‌വാക്കായി ഉപയോഗിക്കാൻ പറ്റുന്ന ഇളം വേരുകൾ മുറിച്ചെടുക്കുന്നത്. നല്ല വേരോട്ടമുള്ള സ്ഥലത്ത് വളരുന്ന ചെടിയുടെ വേരുകളിൽനിന്നാണ് ഏറ്റവും നല്ല മിസ്‌വാക്ക് ലഭിക്കുക.
‘കുബ്ബാസ്’ എന്ന് വിളിക്കുന്ന അറാക്ക് ചെടിയുടെ കായ്കളും ഏറെ ഔഷധ ഗുണസമ്പന്നമാണ്. സീസണിൽ പാതയോരങ്ങളിലും മറ്റും ഇവ വിൽപന നടത്തുന്നവരെ കാണാം. ഉണക്കിയ അറാക്ക് പഴങ്ങൾ അറബിക് പരമ്പരാഗത മരുന്ന് കടകളിൽ ലഭ്യമാണ്. ഉഷ്ണകാലത്തിന്റെ തുടക്കത്തിലാണ് ഇവ വിളയുന്നത്.





