ബാറില്‍ സംഘര്‍ഷം, ജീവനക്കാരന്റെ മൂക്കിടിച്ച് തകര്‍ത്തു; സഹോദരങ്ങള്‍ പിടിയില്‍

0
581

പത്തനംതിട്ട: പത്തനംതിട്ടയിലെ അമലാ ബാറില്‍ സംഘര്‍ഷം. തര്‍ക്കം ചോദ്യംചെയ്ത ജീവനക്കാരന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു. ആക്രമണം നടത്തിയ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശികളായ സെബിന്‍ ബാബു, സ്റ്റെഫിന്‍ ബാബു എന്നിവര്‍ പിടിയിലായി. ഇവര്‍ സഹോദരങ്ങളാണ്.

തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. മദ്യപിക്കാനെത്തിയ സെബിനും സ്റ്റെഫിനും ബാറില്‍ തര്‍ക്കമുണ്ടാക്കി. ഇത് തടയാനെത്തിയ ബാര്‍ ജീവനക്കാരനും കൊല്ലം ശൂരനാട് സ്വദേശിയുമായ സോമരാജനെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചത്.

സെബിന്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ കൊണ്ട് സോമരാജന്റെ മുഖത്തിടിച്ചു. ഇദ്ദേഹത്തിന്റെ മൂക്കിന്റെ പാലം തകർന്നു. സോമരാജന്റെ പരാതിയിലാണ് പത്തനംതിട്ട പോലീസ് കേസ് എടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഓട്ടോറിക്ഷയിലായിരുന്നു സെബിനും സ്‌റ്റെഫിനും ബാറില്‍ എത്തിയത്. ഈ ഓട്ടോയുടെ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ വെട്ടിപ്പുറത്തുനിന്ന് വൈകുന്നേരം കസ്റ്റഡിയില്‍ എടുത്തത്.