വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. നിയമപരമായ മറ്റൊരു വിവാഹം സാദ്ധ്യമല്ലെന്നിരിക്കേ, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്നു വേണം കരുതാനെന്നും കോടതി അറിയിച്ചു. പാലക്കാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ പീഡനക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. പരാതിക്കാരി വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണെന്ന കാര്യം പ്രോസിക്യൂഷനും ശരിവച്ചതോടെയാണ് ഹർജിക്കാരൻ കുറ്റവിമുക്തനായത്.
വിവാഹ വാഗ്ദാനം നൽകി തന്നെ തൃശൂരിലും ഗുരുവായൂരും കൊണ്ടുപോയി പല തവണ പീഡിപ്പിച്ച ശേഷം വഞ്ചിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. 9,30,000 രൂപ പ്രതി പരാതിക്കാരിയിൽ നിന്നും വാങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്.
പ്രതിക്കെതിരെ അനധികൃതമായി തടങ്കലില്‍ വയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. എന്നാൽ യുവതിക്ക് ഭർത്താവും മക്കളുമുണ്ടെന്നത് മറച്ചുവച്ചാണ് താനുമായി അടുത്തതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പരാതിക്കാരി വിവാഹിതയാണെന്നും രണ്ട് മക്കളുണ്ടെന്നും പ്രോസിക്യൂഷനും ശരിവച്ചതിനെ തുടർന്ന് കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.





