‘എയർ ഇന്ത്യ യാത്രക്കാരെ വഞ്ചിക്കുന്നു, നൽകിയത് പൊട്ടിയ സീറ്റ്’; വിമർശിച്ച് കേന്ദ്ര മന്ത്രി

0
354

ന്യൂഡൽഹി: എയർ ഇന്ത്യക്കെതിരെ വിമർശനവുമായി കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എയർ ഇന്ത്യ വിമാനത്തിൽ പൊട്ടിയ സീറ്റിൽ യാത്ര ചെയ്യേണ്ടി വന്നെന്ന് മന്ത്രി സമൂഹിക മാധ്യമത്തിൽ കുറിച്ചു. മുഴുവൻ പണവും വാങ്ങി യാത്രക്കാർക്ക് പൊട്ടിയ സീറ്റുകൾ നൽകുന്നത് അന്യായമാണ്. അവർ യാത്രക്കാരെ വഞ്ചിക്കുകയാണ്. ടാറ്റ ഏറ്റെടുത്ത ശേഷം എയർ ഇന്ത്യ മെച്ചപ്പെട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

‘പൊട്ടിയ സീറ്റ് എനിക്ക് എന്തിനാണ് അനുവദിച്ചത് എന്ന് ഞാൻ എയർ ഇന്ത്യ ജീവനക്കാരോട് ചോ​ദിച്ചു. ഇക്കാര്യം മാനേജ്മെന്റിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ജീവനക്കാർ മറുപടി തന്നു, ഈ സീറ്റിനുളള ‌ടിക്കറ്റ് വിൽക്കരുത് എന്നും ഉപദേശിച്ചുവെന്നും അവർ പറഞ്ഞു. ഇതുപോലെ കേടായ സീറ്റുകൾ വേറെ ഉണ്ടെന്നും അവർ പറഞ്ഞു. ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി’, ശിവരാജ് സിംഗ് ചൗഹാൻ എക്സിൽ കുറിച്ചു.

മറ്റ് യാത്രക്കാർ അവരുടെ സീറ്റ് മന്ത്രിക്കായി നൽകിയെങ്കിലും മന്ത്രി തന്റെ സ്വന്തം സീറ്റിൽ തന്നെ ഇരുന്ന് യാത്ര ചെയ്തു. ചണ്ഡീ​ഗഡിലേക്കായിരുന്നു കേന്ദ്ര മന്ത്രിയുടെ എയർ ഇന്ത്യ യാത്ര. ഡോ. രാജേന്ദ്ര പ്രസാദ് സെൻട്രൽ അ​ഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ കിസാൻ മേളയുടെ ഉദ്ഘാടനത്തിനും നാച്ചുറൽ ഫാമിങ് മിഷന്റെ യോ​ഗത്തിൽ പങ്കെടുക്കുന്നുതിനുമായിട്ടായിരുന്നു മന്ത്രിയുടെ യാത്ര.