‘ റമസാൻ ഫുഡ് ബാസ്കറ്റ്’; വിപണിയിൽ റമസാൻ മുന്നൊരുക്കങ്ങൾ ഊർജിതം

0
394

മസ്‌കത്ത്: ഒമാനിലെ വിപണിയിൽ റമസാൻ മുന്നൊരുക്കങ്ങൾ ഊർജിതമായി. ഇത്തവണ ഏറെ പ്രതീക്ഷയിലാണ് വ്യാപാരികൾ. കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

യുഎഇയിൽ നിന്നും മറ്റും ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. വിപണിയിലെ ഉണർവ് നൽകുന്ന ധൈര്യത്തിലാണ് ഇത്തവണ കൂടുതൽ ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഹോൾസെയിൽ, റീട്ടെയിൽ കടകളിൽ എല്ലാം വ്യാപാരം വർധിച്ചുവരികയാണ്. റമസാനിനോട് അടുക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ എത്തുമെന്നാണ് പ്രതീക്ഷ. വിലക്കുറവ് ഉൾപ്പെടെയുള്ള ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.

അതേസമയം, റമസാൻ വിപണി മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്തുന്നതിനായി എല്ലാ വിൽപന കേന്ദ്രങ്ങളിലും പരിശോധനകൾ ശക്തമാക്കും. റമസാനിൽ കച്ചവടം വർധിക്കുന്നത് മുതലെടുക്കാൻ ചില കച്ചവടക്കാർ ശ്രമിക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി.

ഉപഭോക്താക്കളെ ആകർഷിക്കാൻ ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ചെറുകിട കച്ചവടക്കാർ എന്നിവർ ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. കാഷ് പ്രൈസുകൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കിഴിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ ഉപഭോക്തൃ സംരക്ഷണ വിഭാഗം റമസാൻ ബാസ്കറ്റ് പദ്ധതി ഇത്തവണയും നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഹൈപ്പർമാർക്കറ്റുകളുമായും സൂപ്പർമാർക്കറ്റുകളുമായും ചേർന്ന് ഉപഭോക്താക്കൾക്കായി റമസാൻ കിറ്റ് പുറത്തിറക്കിയിരുന്നു. റമസാൻ ഫുഡ് ബാസ്കറ്റ് എന്ന പേരിൽ ആരംഭിച്ച പദ്ധതി പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ഈ വിജയമാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കാൻ പ്രേരിപ്പിച്ചത്.

അരി, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, പാൽപ്പൊടി, അറബിക് കോഫി, ടൊമാറ്റോ പേസ്റ്റ്, അരിമാവ്, വെള്ളക്കടല തുടങ്ങിയവയാണ് കിറ്റിൽ ഉൾപ്പെടുന്നത്. റമസാനിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ പദ്ധതി സഹായിക്കും.