സഊദി -ചൈന സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താൻ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അവാർഡ്

0
646

റിയാദ്: സഊദി-ചൈന സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അവാർഡ് സ്ഥാപിച്ചു. ബുധനാഴ്ച റിയാദിൽ നടന്ന പ്രത്യേക സാംസ്കാരിക സാമൂഹിക പരിപാടിയിലാണ് സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിനുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അവാർഡ് ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.

സാംസ്കാരിക മന്ത്രിയും അവാർഡ് ട്രസ്റ്റി ബോർഡ് ചെയർമാനുമായ പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. റിയാദിനും ബീജിങിനും ഇടയിലുള്ള സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിനായി രൂപംകൊടുത്തിട്ടുളള വിവിധ സംരംഭങ്ങൾ, അവാർഡിന്റെ ലക്ഷ്യങ്ങൾ, വിഭാഗങ്ങൾ എന്നിവയൊക്കെ പരിപാടിയിൽ പ്രത്യേകം എടുത്തുകാണിച്ചു. ട്രസ്റ്റി ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ഫൈസൽ ബിൻ അബ്ദുൾറഹ്മാൻ ബിൻ മുഅമ്മറും സന്നിഹിതനായിരുന്നു.

സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സാംസ്കാരിക ഇടപെടലിന്റെയും, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും, സാംസ്കാരിക വിനിമയങ്ങളെ കൂടുതൽ ശക്തമാക്കുന്നതിന്റെയും പ്രതീകമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേരിലുള്ള ഈ അവാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡെപ്യൂട്ടി ചെയർമാൻ ഊന്നിപ്പറഞ്ഞു.

ആഗോള കണക്റ്റിവിറ്റി വർധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവുമായി സുഗമമായി യോജിക്കുന്ന സാംസ്കാരിക വിനിമയത്തിന് സൗദി വിഷൻ 2030 ശക്തമായ ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളുടെയും പരസ്പര വികസനത്തിനും സമൃദ്ധിക്കും വഴിയൊരുക്കുന്ന സാംസ്കാരിക സഹകരണത്തിന്റെ പുതിയ യുഗത്തെയാണ് ഈ അവാർഡ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിനുള്ള പ്രഥമ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അവാർഡിനുള്ള നാമനിർദേശങ്ങൾ കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. ഫെബ്രുവരി അവസാനം വരെ www.pmsa.org.sa എന്ന വെബ്‌സൈറ്റിൽ അവ സ്വീകരിക്കുന്നുണ്ട്. സാംസ്കാരിക മേഖലകളിലെ ഗവേഷണവും പഠനവും, കലാസൃഷ്ടിയും സർഗ്ഗാത്മകവുമായ കൃതികൾ, അറബിക്കും ചൈനയ്ക്കും ഇടയിലുള്ള വിവർത്തനം, വർഷത്തിലെ സാംസ്കാരിക വ്യക്തിത്വം എന്നീ നാല് പ്രധാന വിഭാഗങ്ങളിൽ നോമിനികളെ നിർദേശിക്കാൻ അവാർഡുകളുടെ സെക്രട്ടറി ജനറൽ അബ്ദുൾ മൊഹ്‌സെൻ അൽ-അഖിലി ഇരു രാജ്യങ്ങളിലെയും അക്കാദമിക്, സാംസ്കാരിക സ്ഥാപനങ്ങളെ ക്ഷണിച്ചിരുന്നു.