കോട്ടയം: കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പരാതിക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. അതേസമയം, ആദ്യ കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ ഉടൻ കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് കേസിൽ കുറ്റപത്രം സമർപ്പിക്കും. റാഗിങ്ങ് സംബന്ധിച്ച് നേരത്തെ പരാതികൾ ഒന്നും ലഭിച്ചിരുന്നില്ലെന്ന കോളേജിലെ വിശദീകരണം സാധൂകരിക്കുന്നതാണ് വിദ്യാർത്ഥികളുടെ മൊഴി.
നേരത്തെ റാഗിങ്ങ് സംബന്ധിച്ച് കോളേജിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിദ്യാർഥികളുടെ മൊഴി. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പ്രതികളായ അഞ്ചുപേർക്കെതിരെ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൂരമായ റാഗിങ്ങിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു.
പ്രതികളായ സാമൂവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.