പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷൻ, സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതുതായി എൻആര്‍ഐ പൊലീസ് സ്റ്റേഷൻ തുടങ്ങും

0
5
  • ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇവരുടെ പ്രശ്നങ്ങളിൽ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതിയതായി എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ ആരംഭിക്കും. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇവരുടെ പ്രശ്നങ്ങളിൽ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. വിദേശത്ത് ജീവിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ നിയമ-സാമ്പത്തിക-സുരക്ഷാ പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്.

ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ വഴിയുള്ള അനിയന്ത്രിതമായ തട്ടിപ്പുകള്‍, സൈബര്‍ നിക്ഷേപ തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍ തുടങ്ങിയ വിവിധ തട്ടിപ്പുകള്‍ നേരിടുന്നുണ്ട്.

അനധികൃത വിദേശ തൊഴില്‍-വിദ്യാഭ്യാസ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, എമിഗ്രേഷന്‍ ആക്ടിന്‍റെ പഴുതുകള്‍ മുതലെടുത്തുള്ള തട്ടിപ്പുകള്‍ എന്നിയും ഇവര്‍ നേരിടുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക കേരള സഭാ സെക്രട്ടേറിയേറ്റും നോര്‍ക്കയും പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചത്.

ഇപ്പോള്‍ പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ സെല്‍ എസ്.പിയുടെ ചുമതലയില്‍ ഒരു എന്‍.ആര്‍.ഐ പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.