റിയാദ്: ഫലസ്തീനികളെ മറ്റുള്ള പ്രദേശങ്ങളിലേക്ക് ആട്ടിയോടിക്കാനുള്ള നീക്കത്തിനെതിരെ സൗദിയിലെ തുർക്കി അൽ ഫൈസൽ രാജകുമാരൻ. രണ്ടാം ലോക മഹായുദ്ധക്കാലത്ത് എത്തി വംശീയ ഉന്മൂലനത്തിലൂടെ ഭൂമി കയ്യേറി ഇസ്രായേലാണ് ഫലസ്തീനികളെ അഭയാർഥികളാക്കിയത്. ഫലസ്തീനികളെ പുറത്താക്കാനാണ് പ്ലാനെങ്കിൽ, ഇസ്രായേൽ പിടിച്ചെടുത്ത അവരുടെ സ്വന്തം മണ്ണിലേക്കാകണമെന്നും മുൻ സൗദി ഇന്റലിജൻസ് മേധാവി കൂടിയായ തുർക്കി അൽ ഫൈസൽ പറഞ്ഞു.
ഇസ്രായേലിനെ പിന്തുണച്ച യുഎസിനെതിരെ എണ്ണ ഉത്പാദനം നിർത്തി വെച്ച് ലോകത്തെ ഞെട്ടിച്ച ഫൈസൽ രാജാവിന്റെ മകൻ, സൗദിയുടെ മുൻ യുഎസ് അംബാസിഡർ, സൗദിയിലെ ഉപദേഷ്ടാവ്, ഇന്റലിജൻസ് വിഭാഗം മുൻ മേധാവി എന്നീ നിലകളിൽ ശ്രദ്ധേയനാണ് തുർക്കി അൽ ഫൈസൽ രാജകുമാരൻ. അദ്ദേഹം ട്രംപിനെഴുതിയ കത്ത് ഇന്ന് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് ട്രംപിന്റെ നിലപാടിനെതിരെ രൂക്ഷമായ വാക്കുകൾ. അതിങ്ങിനെയാണ്. ഫലസ്തീൻ ജനത അനധികൃത കുടിയേറ്റക്കാരല്ല.
ഇസ്രായേലാണ് അവരുടെ വീടുകൾ തകർത്തത്. ഓരോ കൂട്ടക്കൊലക്ക് ശേഷവും അവർ വീടുകൾ നിർമിക്കുന്ന പോലെ ഇത്തവണയും നിർമിക്കും. ഗസ്സയിലെ ജനതയിൽ ഭൂരിഭാഗവും അഭയാർഥികളാണ്. 1948 മുതലുള്ള ഇസ്രായേലിന്റെ വംശഹത്യയാണ് അതിനെല്ലാം കാരണം. അവരെ ഗസ്സയുടെ മണ്ണിൽ നിന്നും ആട്ടിയോടിക്കാനാണ് ശ്രമം. അങ്ങിനെയെങ്കിൽ അവരെ അയക്കേണ്ടത് ഒലീവിന്റെയും ഓറഞ്ചിന്റേയും മണ്ണായ ജഫയിലേക്കും ഹൈഫയിലേക്കുമാണെന്നും കത്ത് തുടരുന്നു.