Saturday, 15 February - 2025

ഇനി പ്രോപ്പർട്ടികളും പഴ്സിൽ കൊണ്ട് നടക്കാം; വരുന്നു എ.ടി.എം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ്

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുന്നു. ഇതിന്റെ ഭാഗമായി 2026 ജനുവരിയാകുമ്പോഴേക്കും രൂപത്തിൽ എ.ടി.എം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് എല്ലാവർക്കും വിതരണം ചെയ്യാനാകുമെന്ന് മന്ത്രി കെ. രാജൻ വെളിപ്പെടുത്തി. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന റവന്യൂ മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒരു വ്യക്തിയുടെ വസ്തുവിന് അകത്തുള്ള കെട്ടിടങ്ങൾ, ടാക്സ്, ഭൂമിയുടെ തരം, വിസ്തൃതി തുടങ്ങിയവ ഉൾപ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന കാർഡാണ് നിലവിൽ വരുക. ഈ കാർഡിലേക്ക് ഉൾക്കൊള്ളിക്കാവുന്ന മറ്റു വിവരങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്ന ഘട്ടത്തിലാണ് വക്കുപ്പെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഡിജിറ്റൽ റീസർവേ രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സർവേ ജീവനക്കാർക്കു വേണ്ടി കേന്ദ്രത്തിൻ്റെ ആവശ്യപ്രകാരം ദേശീയ ശില്പശാല നടത്തുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വേഗത്തിലാക്കും. 25 സെൻറ് വരെ സൗജന്യമായി വിതരണം ചെയ്യുന്ന ഭൂമിക്ക് പ്രത്യേക സ്റ്റാൻഡേഡ് ഓപ്പറേഷൻ തയാറാക്കി, ലൈഫ് പദ്ധതി പ്രകാരം വീടുവെക്കുന്നവർക്ക് പ്രത്യേക അനുവാദം നൽകി, ഡാറ്റാ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ഭൂമി സംബന്ധമായ വിഷയങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് അവലോകനയോഗം ചേരുന്നതെന്നും മന്ത്രി പറഞ്ഞു.

Most Popular

error: