മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ ആശങ്ക പരത്തി ഭീമാകാരനായ കാട്ടുപോത്തിന്റെ വിഹരം. ഇബ്ര വിലായത്തിലാണ് സംഭവം. നഗരത്തിന്റെ നിരത്തുകളിലൂടെ വിരണ്ടോടിയ കാട്ടുപോത്ത് നിരവധി കടകളിലേക്കും സ്ഥാപനങ്ങളിലേക്കും പാഞ്ഞുകയറി. ഇത് ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തുകയും ചെയ്തിട്ടുണ്ട്.
കാട്ടുപോത്തിന്റെ വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നിരത്തിലൂടെ ഓടുന്ന കാട്ടുപോത്ത് കടകളിലേക്ക് പാഞ്ഞു കയറുന്നതും ആൾക്കാർ പേടിച്ച് ഓടുന്നതും കാട്ടുപോത്തിൽ നിന്ന് രക്ഷ നേടുന്നതിനായി ഒളിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. കടകളിൽ സൂക്ഷിച്ചിരുന്ന ചരക്കുകൾക്കിടയിലൂടെയായിരുന്നു കാട്ടുപോത്ത് ഓടിയിരുന്നത്. അതിനാൽ നിരവധി ചരക്കുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
കയ്യിൽ വടിയുമായെത്തിയ ഒരാൾ കാട്ടുപോത്തിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിരണ്ടോടിയ കാട്ടുപോത്ത് ഒരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. വൈറലായ വീഡിയോയെ പറ്റി അധികൃതർ പ്രതികരിച്ചിട്ടില്ല. കൂടാതെ കാട്ടുപോത്ത് ഇപ്പോഴും നഗരത്തിൽ തന്നെ വിഹരിക്കുകയാണോ അതോ പിടികൂടിയോ എന്നിവ സംബന്ധിച്ച ഒരു വിവരവും അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതും വ്യക്തമല്ല.