ന്യൂ ഡൽഹി: പാസ്പോർട്ട് കോടതി കസ്റ്റഡിയിലായിരിക്കെ പ്രതി അമേരിക്കയിലേക്ക് കടന്നതിൽ നടപടിയുമായി സുപ്രീം കോടതി. വിഷയത്തിൽ അന്വേഷണം നടത്താനും പ്രതിയെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രതിയുടെ നീക്കത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ച സുപ്രീം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മുൻ ഭാര്യയുമായി നിയമപോരാട്ടം നടത്തുകയായിരുന്നു പ്രതി.
പ്രതിക്ക് പാസ്‌പോർട്ടില്ലാതെ രാജ്യം വിടാൻ എങ്ങനെയാണ് സാധിച്ചതെന്ന് ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. യുഎസ് എന്നല്ല ഏതൊരു രാജ്യത്തേക്കും ഒരു വ്യക്തിക്ക് പാസ്പോർട്ട് ഇല്ലാതെ പോകുവാൻ സാധിക്കുകയില്ല. നിയമ വിരുദ്ധമായി മാത്രമേ ഒരാൾക്ക് ഇത്തരത്തിൽ വിദേശത്ത് എത്താനാകൂ എന്നും കോടതി നിരീക്ഷിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീം കോടതി നിർദേശം നൽകി.
2006 ൽ വിവാഹിതരായ പ്രതിയും ഭാര്യയും അമേരിക്കയിൽ സ്ഥിരതാമസമാണ്. 2017 സെപ്റ്റംബർ 12 ന് യുഎസിലെ മിഷിഗണിലെ ഒരു കോടതിയിൽ നിന്നാണ് ഇവർ വിവാഹമോചനം നേടിയത്. തുടർന്ന് പ്രതിയുടെ ഭാര്യ ഇന്ത്യയിൽ എത്തി നിയമനടപടികൾ ആരംഭിക്കുകയായിരുന്നു. ഭാര്യ നൽകിയ കേസിൽ ഇയാളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. പാസ്പോർട്ട് കെട്ടിവച്ച ശേഷമാണ് പ്രതി ജാമ്യം നേടിയത്.