എടക്കര: വന്യമൃഗ ഭീഷണി എത്രമാത്രം ഗൗരവമുള്ളതാണെന്ന് ബോധ്യമില്ലാത്തവരിൽ ഒന്നാമൻ മുഖ്യമന്ത്രി പിണറായി വിജയനാന്നെന്ന്
നിലമ്പൂർ മുൻ എം.എൽ.എ പി.വി അൻവർ. യു.ഡി.എഫിന്റെ മലയോര സമര യാത്രയില്‍ എടക്കരയിൽ സൗഹാർദ്ധ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അൻവർ.
രണ്ടാമൻ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം അത്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ്. നാലുദിവസം മുൻപ് രാധയെ കൊന്ന കടുവയെ തിരഞ്ഞ് ജനങ്ങൾ മുഴുവൻ കാട്ടിൽ തിരച്ചിൽ നടത്തുമ്പോൾ ലോകചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിൽ ഒരു മന്ത്രി കോഴിക്കോട്ട് കടപ്പുറത്ത് പാട്ടുപാടുകയായിരുന്നു. 75 വയസായിട്ടും ഫാഷൻ ഷോയിൽ പോയി പാട്ടുപാടുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മന്ത്രി തരം താണിരിക്കുന്നു.
ഏതോ വിദേശത്തുള്ള കമ്പിനിക്ക് വേണ്ടിയുള്ളതാണ് ആ ഫാഷൻ ഷോ. ഈ നാട്ടിലെ മനുഷ്യർ കാട്ടുമൃഗങ്ങളെ ഭയന്ന് കഴിയുമ്പോഴാണിത്. ഇതിൽ നിന്നും ഈ വിഷയത്തിൽ ഈ സർക്കാറിന്റെ നിലപാടെന്തെന്നാണെന്ന് വ്യക്തമാണ്. സർക്കാറിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. എനിക്ക് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവരോട് പറയാനുള്ളത്. ഇവിടെയൊരു നിയമമുണ്ടോയെന്നാണ്. ഇനി വരാനിരിക്കുന്ന യു.ഡി.എഫ് ഗവൺമെന്റ് ഏറ്റെടുക്കേണ്ട ഏറ്റവും വലിയ വിഷയമിതാണ്.
കേന്ദ്ര വനനിയമത്തിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇവിടുത്തെ ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിർബന്ധിപ്പിക്കണം. കേന്ദ്ര നിയമത്തിൽ പ്രശ്നങ്ങളുണ്ട്. ഈ വിഷയത്തിൽ കേരളത്തിൽ മുഴുവൻ എം.പിമാരും ഇടപെടണം. രാജ്യത്തെ 13 സംസ്ഥാനങ്ങൾ വന്യമൃഗ ഭീഷണി നേരിടുന്നുണ്ട്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നയത്തിൽ മാറ്റം വരുത്താൻ വരുന്ന യു.ഡി. എഫ് സർക്കാർ നേതൃത്വം നൽകണം അദ്ദേഹം പറഞ്ഞു.





