പ്രൊഫഷനുകൾ മാറ്റി പദവി ശരിയാക്കാൻ അനുവദിച്ച സാവകാശം ഫെബ്രുവരി ഒന്നിന് അവസാനിക്കും; സഊദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

0
1386

ജിദ്ദ: സഊദിയിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റി പദവി ശരിയാക്കാൻ അനുവദിച്ച സാവകാശം ഫെബ്രുവരി ഒന്നിന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അഞ്ചു വർഷം മുമ്പ് സൗദി ഏകീകൃത തൊഴിൽ വർഗീകരണം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് മുമ്പ് നിലവിലുണ്ടായിരുന്ന നിരവധി പ്രൊഫഷനുകൾ ഇല്ലാതാക്കിയിരുന്നു.

ഈ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവരുടെ പ്രൊഫഷനുകൾ പുതിയ തൊഴിൽ വർഗീകരണം അനുസരിച്ച പുതിയ പ്രൊഫഷനുകളിലേക്ക് മാറ്റാൻ അനുവദിച്ച സാവകാശം ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുമ്പ് പ്രൊഫഷൻ മാറ്റി പദവി ശരിയാക്കാൻ ഫീസ് നൽകേണ്ടതില്ല. ഖിവാ പ്ലാറ്റ്ഫോം വഴി തൊഴിലുടമകൾക്കു തന്നെ തങ്ങൾക്കു കീഴിലെ തൊഴിലാളികളുടെ പ്രൊഫഷനുകൾ എളുപ്പത്തിൽ മാറ്റാൻ സാധിക്കും. ഫെബ്രുവരി ഒന്നിനു ശേഷം ഏകീകൃത തൊഴിൽ വർഗീകരണം അനുസരിച്ച് പ്രൊഫഷൻ മാറ്റത്തിന് ആയിരം റിയാൽ ഫീസ് നൽകേണ്ടിവരും.

നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ഇനിയും ഏകീകൃത തൊഴിൽ വർഗീകരണവുമായി പൊരുത്തപ്പെടുന്ന പ്രൊഫഷനുകളിലേക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകൾ മാറ്റിയിട്ടില്ല. എത്രയും വേഗം പ്രൊഫഷനുകൾ മാറ്റി പദവികൾ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തരം സ്ഥാപനങ്ങൾക്ക് ഖിവാ പ്ലാറ്റ്ഫോമിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നുണ്ട്. ഏകീകൃത തൊഴിൽ വർഗീകരണവുമായി പൊരുത്തപ്പെടുന്ന പ്രൊഫഷനുകളിലേക്ക് തൊഴിലാളികളുടെ പ്രൊഫഷനുകൾ മാറ്റാത്തവർക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ തടയുമെന്നാണ് വിവരം.