Monday, 10 February - 2025

ട്രംപ് വൈറ്റ് ഹൗസിൽ, സ്വീകരിച്ച് ബൈഡൻ; ഇന്ത്യൻ പ്രതിനിധിയായി എസ്.ജയ്ശങ്കർ

വാഷിങ്ടൻ∙ യുഎസിൽ ‍രണ്ടാം ‍ഡോണൾഡ് ട്രംപ് സർക്കാർ അധികാരമേറാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ഭാര്യ ഉഷ വാൻസും ഉൾപ്പെടെയുള്ള പ്രമുഖർ വൈറ്റ് ഹൗസിലെത്തി. ഇവരെ അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് സ്വീകരിച്ചു.

ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും എത്തിയത്. വൈസ് പ്രസിഡന്റ് കമല ഹാരിസും വൈറ്റ് ഹൗസിലെത്തി. വൈറ്റ് ഹൗസിലെ ചായ സൽക്കാരത്തിനു ശേഷം സത്യപ്രതിജ്ഞാവേദിയിലേക്ക് പോകും.

അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടക്കുക. ‌അധികാരമേറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാർത്തൽ, പെൻസിൽവേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ട്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ചടങ്ങിൽ പങ്കെടുക്കും. വ്യവസായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

Most Popular

error: