കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ ലഹരിക്ക് അടിമയായ മകൻ രോഗിയായ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ഇരുപതിലധികം വെട്ടുകൾ ഏറ്റു. മുറിവുകൾ ഏറെയും കഴുത്തിനാണ്. കഴുത്ത് അറ്റുവീഴാറായ നിലയിലായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കൊലപാതകത്തിന് മുൻപ് ആഷിഖ് വാക്കത്തി വാങ്ങി പോകുന്നതും കൃത്യം നിര്‍വഹിച്ചതിന് ശേഷം രക്തത്തില്‍ കുളിച്ച കൈകളില്‍ കത്തി പിടിച്ചു വരുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം വീടിന്റെ മുറ്റത്തെ ടാപ്പില്‍ നിന്ന് കത്തി കഴുകുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ സൈബർ സെൽ സംഘമാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.
18ന് ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദയെ (52) മകൻ മുഹമ്മദ് ആഷിഖാണ് വെട്ടിക്കൊലപ്പെടുത്തിയത്. തേങ്ങ പൊതിക്കാനെന്നു പറഞ്ഞാണ് അടുത്ത വീട്ടിൽനിന്ന് ആഷിക് കത്തി വാങ്ങിയത്. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖ് പൊലീസില്‍ മൊഴി നല്‍കിയത്. ലഹരിക്കടിമയായ ആഷിഖ് മുൻപു രണ്ടു തവണ ഉമ്മയെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു.
നിരവധി തവണ വിവിധ ലഹരിവിമുക്ത കേന്ദ്രങ്ങളിൽ ആഷിഖിനെ പ്രവേശിപ്പിച്ച് ചികിത്സിച്ചതാണ്. ഈങ്ങാപ്പുഴ, അടിവാരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിൽ ആഷിഖും ഉൾപ്പെട്ടിരുന്നതായാണ് വിവരം. ചികിത്സാ കേന്ദ്രങ്ങളിൽ നിന്നിറങ്ങിയാലും വീണ്ടും ഇതേ സംഘത്തിനൊപ്പം ചേർന്ന് ലഹരി ഉപയോഗം തുടങ്ങും.
സുബൈദ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദിൽ മൻസിൽ ഷക്കീലയുടെ വീട്ടിൽ ഒന്നര മാസം മുൻപാണ് എത്തിയത്. ഷക്കീല ജോലിക്കു പോയിരുന്നതിനാൽ അക്രമം നടന്ന സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആഷിഖിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ആഷിഖ് സുബൈദയുടെ ഏക മകനാണ്. ആഷിഖ് കുഞ്ഞായിരുന്നപ്പോൾ തന്നെ സുബൈദയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞതാണ്. പിന്നീട് കൂലിപ്പണി എടുത്താണ് സുബൈദ അഷിഖിനെ വളർത്തിയത്.
പ്ലസ് ടു കഴിഞ്ഞ ശേഷം ആഷിഖിനെ ഓട്ടമൊബീൽ എൻജിനീയറിങ്ങിന് ചേർത്തു. ഇവിടെ വച്ചാണ് ലഹരി ഉപയോഗം തുടങ്ങിയത്. പിന്നീട് പണം ആവശ്യപ്പെട്ട് നിരന്തരം സുബൈദയുമായി പ്രശ്നമുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഷഫീഖ് ഇടയ്ക്ക് വയറിങ് ജോലികൾക്ക് സഹായിയായി പോയിരുന്നു. സുബൈദ സഹോദരി നഫീസയുടെ വീട്ടിലായിരുന്നു ആദ്യം താമസം. എന്നാൽ ആഷിഖ് ലഹരി ഉപയോഗിക്കുന്നതിനെ വീട്ടുകാർ എതിർത്തു. തുടർന്നാണ് മറ്റൊരു സഹോദരിയായ ഷക്കീലയുെട വീട്ടിലേക്ക് താമസം മാറിയത്. കുന്നമംഗലം കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ റിമാൻഡ് ചെയ്തു. ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ചൊവ്വാഴ്ച കോടതിയെ സമീപിക്കും.





