Monday, 10 February - 2025

മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ്; സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം

കൊൽക്കത്ത: മെഡിക്കൽ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം. അപൂർവങ്ങളിൽ അപൂർവമായുള്ള കേസ് അല്ലെന്ന് കോടതി പറഞ്ഞു. 50,000 രൂപയാണ് പിഴ. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയുടെ കൊലപാതകം. പൊലീസ് സിവിക് വൊളന്റിയറായിരുന്ന പ്രതിയെ കൊൽക്കത്ത പൊലീസ് പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. പീഡനവും കൊലപാതകവും നടത്തിയത് ഒരാൾ മാത്രമാണെന്നാണു സിബിഐ കണ്ടെത്തിയത്.

പെൺകുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം ബംഗാൾ സർക്കാർ നൽകണമെന്നു നിർദേശിച്ചു. എന്നാൽ കുടുംബം അതു നിരസിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. പ്രതിക്ക് മാനസാന്തരത്തിന് അവസരം കൊടുക്കണമെന്നു കോടതി ഇന്നു നിരീക്ഷിച്ചു. സീൽദായിലെ സിവിൽ ആൻഡ് ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

ചെയ്ത ക്രൂരത കണക്കാക്കുമ്പോൾ വധശിക്ഷ വരെ നൽകേണ്ടതാണെന്നു ജഡ്ജി അനിർബൻ ദാസ് വാക്കാൽ നിരീക്ഷിച്ചു. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തെ വീഴ്ചകൾക്കു തെളിവു ലഭിച്ചിട്ടുണ്ടെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു. നിരപരാധിയാണെന്നും കുറ്റം ചെയ്തിരുന്നെങ്കിൽ തന്റെ രുദ്രാക്ഷമാല പൊട്ടിപ്പോകുമായിരുന്നുവെന്നും പ്രതി പറഞ്ഞു. യഥാർഥ കുറ്റവാളികൾ പുറത്തുണ്ടെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥനു പങ്കുണ്ടെന്നും ആരോപിച്ചു.

Most Popular

error: