Monday, 10 February - 2025

ചോദിച്ച പണം ദിയ നൽകിയിട്ടും അബ്ദുറഹീമിന്റെ മോചനം വൈകുന്നത് എന്ത്? സഊദിയിലെ നിയമവിദഗ്ധർ പറയുന്നത് ഇപ്രകാരം

നിലവിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ സ്വകാര്യ അവകാശത്തിൽപെട്ട വധശിക്ഷ മാത്രമെ ദിയാധനം സ്വീകരിച്ചു അവർ മാപ്പ് നൽകിയതോടെ ഒഴിവായിട്ടുള്ളൂ. പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള ശിക്ഷ ബാക്കിയാണ്. ഇപ്പോൾ കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്നത് അക്കാര്യമാണ്

റിയാദ്: സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ വധശിക്ഷ ഒഴിവായി മാസങ്ങളായിട്ടും ജയിൽ മോചനം വൈകുന്നതിലെ സാധ്യതകൾ വിശദീകരിച്ച് സഊദിയിലെ നിയമവിദഗ്ധർ. ഇങ്ങനെ നീളുന്നതിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിയമവിദഗ്ധരും നിലവിൽ റഹീമിന് വേണ്ടി കോടതിയിൽ ഹാജരാകുന്ന അഡ്വ. റെന അൽ ദഹ്‌ബാൻ, ഒസാമ അൽ അമ്പർ, അപ്പീൽ കോടതിയിൽ റഹീമിന് വേണ്ടി ഹാജരായിരുന്ന അഡ്വ. അലി ഹൈദാനും പറയുന്നത്. മോചനം സംബന്ധിച്ച കോടതി വിധി വൈകുന്നത് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് ഇവർ വ്യക്തമാക്കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സാധാരണ നടപടിക്രമങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കേസുമായും പ്രതിയുമായും ബന്ധപ്പെട്ട എല്ലാ ഫയലുകളും പൂർണമായി പരിശോധിച്ചതിനുശേഷമേ അന്തിമ വിധിയുണ്ടാകുകയുള്ളൂ. അതിനുവേണ്ടി സമാധാനപൂർവം കാത്തിരിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു. ചിലപ്പോൾ പെട്ടെന്ന് വിധിയുണ്ടായേക്കാം, അല്ലെങ്കിൽ വൈകിയേക്കാം. രണ്ടിനും സാധ്യതയുണ്ട്. കോടതിയുടെ പരിഗണയിലുള്ള കേസിനെ കുറിച്ച് നിഗമനം പറയുക അസാധ്യമാണെന്നും റഹീമിന് വേണ്ടി കോടതിയിൽ ഹാജരാകുന്ന ഒസാമ പറഞ്ഞു.

2024 ഏപ്രിൽ 15നാണ് റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ കോടതിയിൽ ഹരജി സമർപ്പിക്കുന്നത്. ഹരജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. അന്ന് മുതലാണ് 17 വർഷത്തിലധികം നീണ്ട കേസിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. റഹീമിന്റെ ജന്മനാടായ കോഴിക്കോട് ഫറോക്കിൽ രൂപവത്കരിച്ച നിയമസഹായ ട്രസ്റ്റ് മേയ് ആദ്യവാരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ദിയാധനമായി സമാഹരിച്ച തുകയിൽനിന്ന് ഒന്നരക്കോടി സൗദി റിയാലിന് തുല്യമായ ഇന്ത്യൻ രൂപ കൈമാറി. മേയ് 30ന് ആ പണത്തിന്റെ ചെക്ക് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിനും കൈമാറി.

ജൂൺ 11ന് ഗവർണറേറ്റിൽനിന്നും ചെക്ക് കോടതിക്ക് കൈമാറിയെന്നും കോടതി വാദി ഭാഗമായ കൊല്ലപ്പെട്ട സഊദി ബാലന്റെ അവകാശികൾക്ക് നൽകിയെന്നും വിവരം ലഭിച്ചു. കുടുംബം ദിയാധനം സ്വീകരിച്ചതിനെ തുടർന്ന് വധശിക്ഷ റദ്ദ് ചെയ്യുന്നതിനുള്ള വാദിഭാഗത്തിന്റെ ഹരജി ജൂലൈ രണ്ടിന് ഉച്ചക്ക് 12ന് പരിഗണിച്ചു. കൃത്യം16 മിനിറ്റ് പിന്നിട്ടപ്പോൾ വധശിക്ഷ റദ്ദ് ചെയ്തുകൊണ്ട് കോടതി ഉത്തരവിറക്കി. അതോടെ റഹീം വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ടു. കേസിന്റെ ഏറ്റവും സുപ്രധാന ഘട്ടം അവിടെ അവസാനിച്ചു.

അടുത്തത് ജയിൽ മോചനമെന്ന രണ്ടാംഘട്ട നടപടികളായിരുന്നു. അത് ‘പബ്ലിക് റൈറ്റ്‌സ്’ പ്രകാരമുള്ള കോടതികാര്യങ്ങളാണ്. കൊലപാതകക്കേസിൽ രാജ്യത്തെ പൊതുനിയമം നിഷ്കർഷിക്കുന്ന ശിക്ഷയുടെ കാര്യത്തിൽ കൂടി കോടതി തീർപ്പ് കൽപിച്ചാലേ മോചനം സാധ്യമാകൂ. നിലവിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ സ്വകാര്യ അവകാശത്തിൽപെട്ട വധശിക്ഷ മാത്രമെ ദിയാധനം സ്വീകരിച്ചു അവർ മാപ്പ് നൽകിയതോടെ ഒഴിവായിട്ടുള്ളൂ. പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള ശിക്ഷ ബാക്കിയാണ്. ഇപ്പോൾ കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്നത് അക്കാര്യമാണ്. അതായത് പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള വിധിക്കാണ് നമ്മൾ കാത്തിരിക്കുന്നതെന്ന് ഒസാമ വിശദീകരിച്ചു.

ഇതുവരെ ജയിലിൽ കഴിഞ്ഞത് തടവുശിക്ഷയായി പരിഗണിച്ച് ഇനി മോചനവിധിക്കാണ് സാധ്യത. അങ്ങനെയാണ് പതിവും. അത് വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ കേസിലെ പബ്ലിക് റൈറ്റ്സ് ഭാഗം പരിഗണിച്ച് തുടങ്ങിയിട്ട് മൂന്നു മാസമെ ആയിട്ടുള്ളൂ. ഒക്ടോബർ 21നാണ് ആദ്യ സിറ്റിങ്ങുണ്ടായത്. അന്നും തുടർന്നുള്ള എല്ലാ സിറ്റിങ്ങിലും ഞാൻ ഹാജരായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. ഏറ്റവും അവസാനം നടന്ന ജനുവരി 15ലെ സിറ്റിങ് ഉൾപ്പെടെ ആറ് സിറ്റിങ്ങുകളും ഈ മൂന്ന് മാസത്തിനുള്ളിലാണ് സംഭവിച്ചത്. അതുകൊണ്ടു തന്നെ ദീർഘകാലം എന്ന് പറയാൻ കഴിയില്ല.

ഫെബ്രുവരി രണ്ടിന് ഞായറാഴ്ച രാവിലെ എട്ടിന് പുതിയ ജഡ്ജിമാരെ ഉൾപ്പെടുത്തി പരിഷ്കരിച്ച ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. മോചനവിധി അന്ന് ഉണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. കോടതി കേസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി വിധി തയാറാക്കിയിട്ടുണ്ടെങ്കിൽ അന്ന് വിധിയുണ്ടാകും. അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും മാറ്റി വെക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും ഒസാമ അൽ അമ്പർ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കടപ്പാട്: മാധ്യമം ഓൺലൈൻ

Most Popular

error: