Monday, 10 February - 2025

സമസ്ത നേതാക്കൾ നീതി പുലര്‍ത്തിയില്ല, ഇതായിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്: സമസ്ത നേതാക്കളുടെ വാര്‍ത്താ സമ്മേളനം തള്ളി സാദിഖലി തങ്ങൾ

മാപ്പ് പറഞ്ഞെന്ന് ലീഗ്, ദൈവത്തോടെ മാപ്പ് പറയൂ എന്ന് ഉമർ ഫൈസി; മുസ്‌ലിം ലീഗ്-സമസ്ത സമവായ നീക്കം വീണ്ടും പാളി

മുസ്‌ലിം ലീഗ്-സമസ്ത സമവായ ശ്രമം ഫലം കണ്ടില്ല. പാണക്കാട്ടെ വീട്ടിലെത്തി നടത്തിയ ചർച്ചയോട് സമസ്ത വിഭാഗം നീതി പുലർത്തിയില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വീട്ടിലെത്തി മാപ്പ് പറഞ്ഞവർ വാർത്താ സമ്മേളനത്തിൽ അതു മറച്ചുവെച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞെങ്കിലും 24 മണിക്കൂറിനകമാണ് സാദിഖലി തങ്ങളും കുഞ്ഞാലികുട്ടിയും ഇത് തള്ളി രംഗത്തെത്തിയത്.

ഉമര്‍ ഫൈസിയുടെ നേതൃത്വത്തിലെത്തിയ നേതാക്കള്‍ സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിച്ചെങ്കിലും പൊതുസമൂഹത്തോട് ഇക്കാര്യം പറഞ്ഞില്ലെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. തെറ്റ് പൊതുസമൂഹത്തില്‍ തിരുത്തി പറയേണ്ടതായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇവിടെവന്ന് സംസാരിച്ച വിഷയവുമായി നീതി പുലര്‍ത്തുന്ന പ്രതികരണമല്ല നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയതെന്ന് സാദിഖലി തങ്ങളും പറഞ്ഞു.

എന്നാൽ, താൻ മാപ്പ് പറഞ്ഞില്ലെന്നും ദൈവത്തിനോട് മാത്രമേ പറയുകയുള്ളൂവെന്നും സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി തിരിച്ചടിച്ചു. ‘സാദിഖലി തങ്ങളുമായി ഉണ്ടായ പ്രശ്‌നമാണ് ചര്‍ച്ച ചെയ്തത്. ഉണ്ടായ തെറ്റിദ്ധാരണകള്‍ ചര്‍ച്ചചെയ്ത് ബോധ്യപ്പെടുത്തി. ആരോടും ഖേദം ഒന്നും പറയേണ്ട ആവശ്യമില്ല. മാപ്പ് ഒന്നും പറഞ്ഞിട്ടില്ല. മാപ്പ് അല്ലാഹുവിനോട് മാത്രമേ പറയൂ’ ഉമര്‍ ഫൈസി പ്രതികരിച്ചു. വിവിധ മഹല്ലുകളിൽ ഖാസിയായ സാദിഖലി തങ്ങൾ കേക്ക് കഴിച്ച് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നതോടെയാണ് വീണ്ടും സമസ്ത- ലീഗ് ബന്ധം വഷളാക്കിയത്.

ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമർ ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പാണക്കാടെത്തി മാപ്പു പറഞ്ഞുവെന്നും എന്നാൽ ഇവർ ധാരണയോട് നീതി പുലർത്തിയില്ലെന്നും തങ്ങൾ പറഞ്ഞു. തങ്ങളോട് മാപ്പ് പറഞ്ഞത് വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയണമെന്നായിരുന്നു ധാരണയെന്നാണ് ഇവരുടെ വാദം. എന്നാൽ ഉമർഫൈസി അതുമാത്രം മറച്ചുവെച്ചെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. തങ്ങളുടെ അമർഷം സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ അറിയിച്ചെന്ന് തുടർന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ച വീണ്ടും വഴിമുട്ടിയത്.

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമായി അറിയപ്പെടുന്ന നേതാക്കള്‍ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച സാദിഖലി തങ്ങളുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

‘സമീപകാലത്തുണ്ടായ വിഷയങ്ങളെല്ലാം സംസാരിച്ചു.എന്നോട് മാത്രം പറഞ്ഞാല്‍ പോരെന്ന് ഞാന്‍ അവരെ അറിയിച്ചു. എന്നെ ബോധ്യപ്പെടുത്തുന്നതിനൊപ്പം പൊതുസമൂഹത്തോടും പറയണം. നിങ്ങള്‍ പുറത്ത് വേദികളിലും മറ്റും പറഞ്ഞതാണ്. അത് പറയാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നാല്‍ അവരുടെ പത്രസമ്മേളനത്തിലെ പ്രതികരണം ഞങ്ങള്‍ സംസാരിച്ച വിഷയവുമായി നീതി പുലര്‍ത്തുന്നതായിരുന്നില്ല. ഇതായിരുന്നില്ല ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്’ സാദിഖലി തങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചു.

‘മുക്കം മുഹമ്മദ് ഫൈസി, അമ്പലക്കട് ഹമീദ് ഫൈസി തുടങ്ങിയവരുടെ ഭാഗത്ത് നിന്ന് അടുത്തുകാലത്തുണ്ടായ പ്രസ്താവനകള്‍ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്. അതില്‍ അവര്‍ക്ക് ഖേദമുണ്ടെന്നാണ് സാദിഖലി തങ്ങളുടെ അടുത്ത് പറഞ്ഞത്. അത് എന്നോട് പറയുന്നതിനേക്കാള്‍ നല്ലത് പുറത്ത് പറയണമെന്നാണ് തങ്ങള്‍ നിര്‍ദേശിച്ചത്. ഞങ്ങള്‍ പുറത്ത് പറയാമെന്ന് പറഞ്ഞാണ് അവര്‍ ഇവിടെനിന്ന് പോയത്. എന്നാല്‍ അത് മാത്രം പറഞ്ഞില്ല’ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Most Popular

error: