നജ്റാൻ: നജ്റാൻ പ്രവിശ്യയിലെ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രധാന ഭാഗമാണ് ജാൻബിയ കഠാര. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത വ്യവസായമാണ് ജാൻബിയ കഠാര നിർമാണം. പരമ്പരാഗതമായി ഇരുമ്പ് കൊണ്ടാണ് ജാൻബിയ കഠാരകൾ നിർമിക്കുന്നത്. മൃഗങ്ങളുടെ കൊമ്പുകൾ കൊണ്ടുള്ള പിടികൾ വെള്ളിയോ സ്വർണ്ണമോ കൊണ്ട് അലങ്കരിക്കാറുണ്ട്.
‘‘നജ്റാനിൽ കഠാര നിർമാണത്തിന് എക്കാലത്തും പ്രാധാന്യമുണ്ട്. ആകൃതിയിലും തരത്തിലും വ്യത്യാസമുള്ള ഈ കഠാരകൾ. അവയുടെ വ്യതിരിക്തമായ അലങ്കാരങ്ങൾക്കും കൊത്തുപണികൾക്കും പേരുകേട്ടതാണ്. സാമൂഹിക സമ്മേളനങ്ങളിൽ ജാൻബിയ കഠാര, നജ്റാനിലെ ജനങ്ങളുടെ സാംസ്കാരിക സ്വത്വത്തിന്‍റെ പ്രതീകമാണ്. പൈതൃകത്തിന്‍റെ പ്രിയപ്പെട്ട ഈ പ്രതീകം, നജ്റാനിലെ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ഭാഗമാണ്’’ – മാർക്കറ്റ് വിൽപനക്കാരനായ അബ്ദുല്ല അൽ യാമി വ്യക്തമാക്കി