ജിദ്ദ: കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് ഫുട്ബോൾ അനുഭവം വർധിപ്പിക്കുന്നതിനുള്ള വേദിയായി ജിദ്ദയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ്. കാഴ്ച വൈകല്യമുള്ള ആരാധകർക്ക് തത്സമയം ബോൾ ചലനം ട്രാക്ക് ചെയ്യുന്ന സ്പർശന സൂചകങ്ങൾ അധികൃതർ ഒരുക്കി. സമഗ്രമായ ഓഡിയോ വിവരണങ്ങളിലൂടെ മത്സരങ്ങളുടെ തത്സമയവും വിശദവുമായ കമന്ററി അറിയാൻ കഴിഞ്ഞു.
കാഴ്ച വൈകല്യമുള്ള ആരാധകർക്കും അവരുടെ കൂട്ടാളികൾക്കും സൗജന്യ ടിക്കറ്റുകളും നിയുക്ത ഇരിപ്പിടങ്ങളും കായിക മന്ത്രാലയം നൽകി. അവർക്ക് പരിപാടിയുടെ അന്തരീക്ഷവും ആവേശവും പൂർണമായി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കി. ഈ സംരംഭം വരും വർഷങ്ങളിൽ പ്രധാന രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടുമായി ഒത്തുചേരുന്നുതാണ്.