റിയാദ്: ഊർജദായക ഔഷധമെന്നറിയപ്പെടുന്ന ‘ജിൻസെങ്’ ഉപയോഗിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ).
ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് കൂട്ടുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുമുള്ള ടോണിക്ക് ആയാണ് പൊതുവേ ജിൻസെങ് ഉപയോഗിക്കുന്നത്. പനാക്സ് ജിൻസെങ് എന്നാണ് അറിയപ്പെടുന്നത്.
ഉയർന്ന അളവിൽ ജിൻസെങ് കഴിക്കുന്നത് ഉറക്കമില്ലായ്മയും ഉയർന്ന രക്തസമ്മർദ്ദവും ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൂടാതെ മതിയായ സുരക്ഷാ ഡാറ്റ ഇല്ലാത്തതിനാൽ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ജിൻസെങ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
ജിൻസെങ് അമിതമായി ഉപയോഗിക്കാൻ പാടില്ല. വേരിൽ നിന്നുള്ള 1–2 ഗ്രാം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് ശുപാർശ ചെയ്യുന്നത്. 3 മുതൽ 4 ആഴ്ച വരെ ദിവസേന മൂന്നോ നാലോ തവണ മാത്രം ഉപയോഗിക്കാം. ഒരു സ്പൂൺ മരുന്ന് 5 ഗ്രാമിന് തുല്യമായിരിക്കണം. അതിൽ കൂടരുത്. ജിൻസെങ് കഴിക്കുന്നത് സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടണമെന്നും അധികൃതർ നിർദേശിച്ചു. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ജിൻസെങ് കൊറിയ, വടക്കൻ ചൈന, സൈബീരിയ എന്നിവിടങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്.