Tuesday, 14 January - 2025

സംഭല്‍ ഷാഹി മസ്ജിദ് വളപ്പിലെ പൂജ തടഞ്ഞ് സുപ്രീംകോടതി; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

സംഭല്‍ ഷാഹി ജമാ മസ്ജിദ് വളപ്പിലെ കിണറിനോട് ചേര്‍ന്ന് പൂജ നടത്തുന്നതടക്കമുള്ള നീക്കങ്ങള്‍ വിലക്കി സുപ്രിംകോടതി. കോടതി അനുമതിയില്ലാതെ പൂജയടക്കം ഒരു നടപടിയും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. ജില്ലാ ഭരണകൂടം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഷാഹി ജമാ മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നു എന്ന വാദത്തെ തുടര്‍ന്ന് സംഘര്‍ഷവും വെടിവെപ്പും ഉണ്ടായ പ്രദേശമാണ് യുപിയിലെ സംഭല്‍. ജമാമസ്ജിദ് പരിസരത്തുള്ള കിണര്‍ പൊതു ആവശ്യങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന തദേശ ഭരണകൂടത്തിന്റെ നോട്ടീസില്‍ നടപടിയെടുക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും സംഭല്‍ ജില്ലാ ഭരണകൂടത്തെയും സുപ്രിംകോടതി വിലക്കി.

പ്രദേശത്ത് സാമുദായിക സൗഹാര്‍ദം ഉറപ്പ് വരുത്താന്‍ കോടതി ഉത്തരവിട്ടു. മസ്ജിദ് വളപ്പിലെ കിണറിന് സമീപം പൂജ നടത്താന്‍ അനുമതി നല്‍കിയ മുന്‍സിപ്പാലിറ്റിയുടെ തീരുമാനം കോടതി സ്റ്റേ ചെയ്തു. സംഭവത്തില്‍ സുപ്രീംകോടതി ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടി. മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി, കിണറിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് കോടതിയെ ബോധിപ്പിച്ചു.

മുസ്ലിം വിശ്വാസികള്‍ പണ്ടു മുതലേ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നുണ്ടെന്നും ഇപ്പോള്‍ മസ്ദിജിനെ ഹരി മന്ദിര്‍ എന്ന് പരാമര്‍ശിച്ച് അവിടെ മതപരമായ ആചാരങ്ങള്‍ നടത്താനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കുമെന്ന് കമ്മിറ്റിക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചു. കിണര്‍ പള്ളിയുടെ പരിധിക്ക് പുറത്താണെന്നും ചരിത്രപരമായി ആരാധനയ്ക്കായി ഉപയോഗിക്കുന്നതാണെന്നും ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു.

എന്നാല്‍ മസ്ജിദിന്റെ കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ പൂജ വിലക്കിയ കോടതി തുടര്‍നടപടികള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. സംഭലില്‍ കഴിഞ്ഞ നവംബറില്‍ പള്ളി- ക്ഷേത്ര തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Most Popular

error: