അൽ അഹ്‌സ: ചരിത്രപരമായ വാസ്തുവിദ്യ, ഇടുങ്ങിയ നടപ്പാതകൾ, വൈവിധ്യമാർന്ന കടകൾ എന്നിവയ്ക്ക് പേരുകേട്ട അൽ ഖൈസരിയ സൂഖ് പൈതൃക പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറുന്നു. ഇത് ഏറ്റവും പ്രശസ്തമായ പരമ്പരാഗത മാർക്കറ്റുകളിലൊന്നായി ഇപ്പോയും നിലകൊള്ളുന്നു.
അൽ അഹ്‌സ ഗവർണറേറ്റിലെ സെൻട്രൽ അൽ ഹുഫൂഫിൽ സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റ് പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള താമസക്കാരെയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു.
യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) 2018 ലെ ലോക പൈതൃക പട്ടികയിൽ മാർക്കറ്റിനെ ഉൾപ്പെടുത്തിക്കൊണ്ട് അതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. 1822 മുതലുള്ള 7,000 ചതുരശ്ര മീറ്റർ സൂക്കിൽ 14 ഗേറ്റുകളും 422-ലധികം കടകളുമുണ്ട്. കടകൾ കൊത്തിയെടുത്ത തടി വാതിലുകളാൽ അലങ്കരിച്ചിരിക്കുന്നതാണ്. നടപ്പാതകൾ വിളക്കുകളാൽ പ്രകാശിപ്പിക്കപ്പെടുന്നു. സീലിങ് സ്റ്റെയിൻഡ് മരം കൊണ്ട് നിർമ്മിച്ചതാണ്.
അതേസമയം കച്ചവടക്കാർ അവരുടെ കടകൾക്ക് പുറത്ത് തങ്ങളുടെ സാധനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സന്ദർശകർക്ക് വസ്ത്രങ്ങൾ, മറ്റു തുണിത്തരങ്ങൾ, അബായകൾ, ഹാൻഡ്ബാഗുകൾ, ഭക്ഷണം, പാത്രങ്ങൾ, സ്വർണ്ണം, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെനിന്നും കണ്ടെത്താനാകും.
പുരാതന അയൽപക്കങ്ങൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങൾ, പള്ളികൾ, മറ്റ് പരമ്പരാഗത വിപണികൾ തുടങ്ങിയ മറ്റ് പൈതൃക സ്ഥലങ്ങൾക്കൊപ്പം അൽ-അഹ്സയുടെ ചരിത്രപരവും സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന സാമ്പത്തിക പങ്ക് അൽ ഖൈസരിയ സൂഖ് വഹിക്കുന്നുണ്ട്.