Tuesday, 14 January - 2025

അറബ് ലോകത്തെ ശതകോടീശ്വരൻ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരൻ, ശതകോടീശ്വരൻമാരിൽ മൂന്ന് പേർ സഊദിയിൽ

നഷ്ടം നേരിട്ട ഏക അറബ് ബില്യണയര്‍ സഊദി വ്യവസായി മുഹമ്മദ് അല്‍അമൂദി

റിയാദ്: അറബ് ശതകോടീശ്വരന്മാരില്‍ മൂന്നു പേര്‍ സഊദിയിൽ. ഇവരുടെ ആകെ സമ്പത്ത് 3,623 കോടി ഡോളറാണ്. അറബ് ബില്യണയര്‍മാരുടെ ആകെ സമ്പത്തിന്റെ 59 ശതമാനവും സഊദി ധനാഢ്യരുടെ വിഹിതമാണ്. അറബ് ബില്യണയര്‍മാരില്‍ രണ്ടു പേര്‍ ഈജിപ്തുകാരും ഒരാള്‍ യു.എ.ഇ സ്വദേശിയുമാണ്. അറബ് ലോകത്തെ ആറു ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷം എട്ടു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇവരുടെ സമ്പത്തില്‍ 436 കോടി ഡോളറിന്റെ വര്‍ധനയാണുണ്ടായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഓഹരി വിപണികള്‍ കൈവരിച്ച നേട്ടങ്ങളുടെയും പലിശ നിരക്ക് കുറഞ്ഞതിന്റെയും ഫലമായി ആറു പേരുടെയും ആകെ സമ്പത്ത് 6,100 കോടി ഡോളറായി ഉയര്‍ന്നു. അറബ് ശതകോടീശ്വരന്മാരുടെ ആകെ സമ്പത്തിന്റെ 26 ശതമാനം ഈജിപ്ഷ്യന്‍ ബില്യണയര്‍മാരുടെയും 15 ശതമാനം യു.എ.ഇ വ്യവസായിയുടെയും വിഹിതമാണ്.

അബ്ദുല്ല അല്‍ഗുറൈര്‍

കഴിഞ്ഞ കൊല്ലം സമ്പത്തില്‍ ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ച അറബ് ബില്യണയര്‍ യു.എ.ഇ വ്യവസായിയായ അബ്ദുല്ല അല്‍ഗുറൈര്‍ ആണ്. ഇദ്ദേഹത്തിന്റെ സമ്പത്ത് കഴിഞ്ഞ വര്‍ഷം 36 ശതമാനം വര്‍ധിച്ചു. അബ്ദുല്ല അല്‍ഗുറൈരിന്റെ സമ്പത്തില്‍ 240 കോടി ഡോളറിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത് 906 കോടി ഡോളറായി ഉയര്‍ന്നു.

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാമിലി കമ്പനിയായ അല്‍ഗുറൈര്‍ കമ്പനി സ്ഥാപകനാണ് അബ്ദുല്ല അല്‍ഗുറൈര്‍. യു.എ.ഇയിലെ ഏറ്റവും വലിയ മൈദ മില്‍ അല്‍ഗുറൈര്‍ കമ്പനി ഉടമസ്ഥതയിലാണ്. കമ്മോഡിറ്റി ട്രേഡിംഗ് കമ്പനി, വാട്ടര്‍ കമ്പനി, കാലിത്തീറ്റ നിര്‍മാണ കമ്പനി, ദുബായില്‍ ഹോട്ടലുകള്‍, ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍, ഷോപ്പിംഗ് സെന്റര്‍ എന്നിവ അല്‍ഗുറൈര്‍ കമ്പനി ഉടമസ്ഥയിലുണ്ട്. ഇവക്കു പുറമെ, മശ്‌റഖ് ബാങ്കിന്റെയും നാഷണല്‍ സിമന്റ് കമ്പനിയുടെയും ഓഹരികളും ഇദ്ദേഹത്തിനുണ്ട്. ദുബായ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് മശ്‌റഖ് ബാങ്ക്, നാഷണല്‍ സിമന്റ് കമ്പനി ഓഹരികള്‍ കഴിഞ്ഞ വര്‍ഷം 40 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു.

അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരൻ

അറബ് ബില്യണയര്‍മാരുടെ കൂട്ടത്തില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കിയ രണ്ടാമത്തെ വ്യവസായി സഊദിയിലെ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരനാണ്. കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയുടെ 78 ശതമാനം ഓഹരികള്‍ സ്വന്തമായുള്ള അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷം 100 കോടി ഡോളറിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 2024 അവസാനത്തില്‍ അല്‍വലീദ് രാജകുമാരന്റെ ആകെ സമ്പത്ത് 1,580 കോടി ഡോളറായി ഉയര്‍ന്നു.

നജീബ് സാവിരിസ്

ഈജിപ്ഷ്യന്‍ വ്യവസായിയായ നജീബ് സാവിരിസിന്റെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷം 60.5 കോടി ഡോളറിന്റെ വളര്‍ച്ചയുണ്ടായി. ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത് 698 കോടി ഡോളറായി. തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ലാ മഞ്ച റിസോഴ്‌സസ് കമ്പനി വഴി നജീബ് സാവിരിസ് സ്വര്‍ണ ഖനികളുടെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നടത്തിയ നിക്ഷേപങ്ങളില്‍ എവല്യൂഷന്‍ മൈനിംഗ്, എന്‍ഡവര്‍ മൈനിംഗ് എന്നിവയുടെ ഓഹരികള്‍ ഉള്‍പ്പെടുന്നു. ടെലികോം കമ്പനിയായ വിംപെല്‍കോമിലെ തന്റെ ഓഹരികള്‍ വിറ്റ് 2011 ലും 2012 ലും ഇദ്ദേഹം 400 കോടി ഡോളറിലേറെ സമാഹരിച്ചിരുന്നു.

സുലൈമാന്‍ അല്‍ഹബീബ്

സഊദി ഡോക്ടര്‍ സുലൈമാന്‍ അല്‍ഹബീബിന്റെ സമ്പത്ത് കഴിഞ്ഞ വര്‍ഷാവസാനത്തോടെ 1,170 കോടി ഡോളറായി ഉയര്‍ന്നു. ഇദ്ദേഹത്തിന്റെ സമ്പത്തില്‍ കഴിഞ്ഞ കൊല്ലം 30 കോടി ഡോളറിന്റെ വളര്‍ച്ചയാണുണ്ടായത്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. സുലൈമാന്‍ അല്‍ഹബീബ് മെഡിക്കല്‍ സര്‍വീസസ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. സുലൈമാന്‍ അല്‍ഹബീബിന്റെ കമ്പനി സൗദിയിലും ദുബായിലും ബഹ്‌റൈനിലും ആശുപത്രികളും ക്ലിനിക്കുകളും ലബോറട്ടറികളും ഫാര്‍മസികളും പ്രവര്‍ത്തിപ്പിക്കുന്നു.

നാസിഫ് സാവിരിസ്

ഈജിപ്തിലെ ഏറ്റവും വലിയ അതിസമ്പന്നനായ നാസിഫ് സാവിരിസിന്റെ സമ്പത്ത് 872 കോടി ഡോളറായി ഉയര്‍ന്നു. ഇദ്ദേഹത്തിന്റെ സമ്പത്തിലും കഴിഞ്ഞ വര്‍ഷം 30 കോടി ഡോളറിന്റെ വളര്‍ച്ചയാണുണ്ടായത്. നെതര്‍ലാന്റ്‌സിലെ ജെലെന്‍ ആസ്ഥാനമായുള്ള രാസവള നിര്‍മാണ കമ്പനിയായ ഒ.സി.ഐയുടെ 39 ശതമാനം ഓഹരികള്‍ നാസിഫ് സാവിരിസിന്റെ ഉടമസ്ഥയിലാണ്. ഇദ്ദേഹത്തിന്റെ ഫാമിലി കമ്പനിയായ ഒറാസ്‌കോം കണ്‍സ്ട്രക്ഷന്റെ പിളര്‍പ്പിന്റെ ഫലമായാണ് ഒ.സി.ഐ കമ്പനി സ്ഥാപിച്ചത്. അഡിഡാസിലെ ഏഴു ശതമാനം ഓഹരികളും സ്‌പെഷ്യാലിറ്റി മെറ്റീരിയല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ആര്‍കെമ എസ്.എയുടെ ഓഹരിയും ഇദ്ദേഹത്തിന്റെ മറ്റു ആസ്തികളില്‍ ഉള്‍പ്പെടുന്നു.

മുഹമ്മദ് അല്‍അമൂദി

കഴിഞ്ഞ വര്‍ഷം നഷ്ടം നേരിട്ട ഏക അറബ് ബില്യണയര്‍ സഊദി വ്യവസായി മുഹമ്മദ് അല്‍അമൂദി ആണ്. ഇദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം 32.5 കോടി ഡോളര്‍ നഷ്ടം നേരിട്ടു. ഇതിന്റെ ഫലമായി ആകെ സമ്പത്ത് 873 കോടി ഡോളറായി കുറഞ്ഞു. ഊര്‍ജ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അല്‍അമൂദിക്ക് എണ്ണ വിലയിടിച്ചിലാണ് തിരിച്ചടിയായി മാറിയത്. സ്വീഡന്‍ സഊദി അറേബ്യ, എത്യോപ്യ എന്നിവിടങ്ങളിലെ ഒരു കൂട്ടം വ്യാവസായിക ആസ്തികള്‍ മുഹമ്മദ് അല്‍അമൂദി നിയന്ത്രിക്കുന്നു. സ്വെന്‍ക ഓയില്‍ എക്‌സ്‌പ്ലോറേഷന്‍ കമ്പനിയും സ്വീഡനിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ പ്രൈമും എത്യോപ്യയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ, അഡിസ് അബാബ ആസ്ഥാനമായുള്ള മൈഡ്രോക്ക് ഗോള്‍ഡും ഈ ആസ്തികളില്‍ ഉള്‍പ്പെടുന്നു. ഹോട്ടലുകള്‍, എണ്ണ കമ്പനി, കാപ്പി ഫാമുകള്‍, നെല്‍കൃഷി ഫാമുകള്‍ എന്നിവയും ഇദ്ദേഹത്തിനുണ്ട്.

സഊദി ബില്യനിയർമാർ

അറബ് ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നന്‍ സഊദി വ്യവസായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരനാണ്. ഇദ്ദേഹത്തിന് 1,580 കോടി ഡോളറിന്റെ സമ്പത്തുണ്ട്. രണ്ടാം സ്ഥാനത്തുള്ള സൗദിയില്‍ നിന്നുള്ള ഡോ. സുലൈമാന്‍ അല്‍ഹബീബിന് 1,170 കോടി ഡോളറിന്റെയും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇ വ്യവസായി അബ്ദുല്ല അല്‍ഗുറൈരിന് 906 കോടി ഡോളറിന്റെയും നാലാം സ്ഥാനത്തുള്ള സഊദി വ്യവസായി മുഹമ്മദ് അല്‍അമൂദിക്ക് 873 കോടി ഡോളറിന്റെയും അഞ്ചാം സ്ഥാനത്തുള്ള ഈജിപ്ഷ്യന്‍ വ്യവസായി നാസിഫ് സാവിരിസിന് 872 കോടി ഡോളറിന്റെയും ആറാം സ്ഥാനത്തുള്ള ഈജിപ്ഷ്യന്‍ വ്യവസായി നജീബ് സാവിരിസിന് 698 കോടി ഡോളറിന്റെയും സമ്പത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: