മോഷണത്തിന് തടസം നിന്നാല്‍ ആക്രമിക്കും; ‘ചുമടുതാങ്ങി തിരുട്ടുസംഘം’ പിടിയില്‍

0
1689

പത്തനംതിട്ട പന്തളത്ത് ചുമടുതാങ്ങി തിരുട്ടുസംഘം എന്നറിയപ്പെടുന്ന മോഷ്ടാക്കൾ പിടിയിൽ. കഴിഞ്ഞ ഒന്നര വർഷമായി നാട്ടുകാരിൽ ഭീതി വിതച്ച് കഴിയുകയായിരുന്ന മോഷണ സംഘമാണ് പന്തളം പൊലീസിന്‍റെ പിടിയിലായത്.

കടമ്പനാട് കല്ലുകുഴി സ്വദേശി ബിജീഷ്, കൊല്ലം കുന്നത്തൂർ സ്വദേശി ആദിത്യൻ, പോരുവഴി ഇരക്കാട് സ്വദേശി നിഖിൽ എന്നിവരെ പന്തളം പൊലീസ് നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടുകയായിരുന്നു.

വാഹനമോഷണം പതിവാക്കി നാട്ടിൽ പരിഭ്രാന്തി പരത്തിയിരുന്ന സംഘത്തിന് കല്ലുകുഴി നിവാസികളാണ് ചുമടുതാങ്ങി ജംഗ്ഷന്റെ പേര് നൽകിയത്. വേഗതയിൽ ഓടാൻ അറിയുന്ന 19കാരൻ ബിജീഷാണ് സംഘത്തിലെ പ്രധാനി. മോഷണം മാത്രമല്ല മോഷണത്തിന് തടസ്സം നിൽക്കുന്ന ആരെയും ആക്രമിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

കഴിഞ്ഞമാസം നാലാം തീയതി രാത്രി കുരമ്പാല മൈലാടുംകുളം സ്വദേശി രേണുവിന്റെ കാർപോർച്ചിൽ വെച്ചിരുന്ന സ്കൂട്ടറും റബ്ബർ ഷീറ്റുകളും ഇവർ മോഷ്ടിച്ച് കടത്തുകയായിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ നിർണായകമായത്. 

സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. പ്രതികളെ പിന്തുടർന്ന പൊലീസിനെ ആക്രമിക്കാനും ഇവർ ശ്രമിച്ചു. ഏറെനേരത്തെ മൽപിടുത്തത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവർ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പലതവണ പൊലീസിൽ നിന്ന് വഴുതിപ്പോയ പ്രതികൾ നിരവധി കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.