മലപ്പുറം: ഭരണകൂട ഭീകരതയാണ് അറസ്റ്റ് എന്ന് പി.വി അൻവർ എംഎൽഎ. നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമണത്തിൽ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനു തൊട്ടുമുൻപാണ് അൻവറിന്റെ പ്രതികരണം. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന്റെ നിർദേശം പാലിക്കുകയാണ് പൊലീസ്. ഇതിനു പിന്നിൽ പിണറായിയും പി. ശശിയുമാണ്. ജയിലിലിട്ട് തന്നെ കൊല്ലാനിടയുണ്ട്. ജീവൻ ബാക്കിയുണ്ടെങ്കിൽ പുറത്തിറങ്ങിയാൽ ബാക്കി കാണിച്ചുകൊടുക്കാമെന്നും അൻവർ പറഞ്ഞു.
എംഎൽഎയായതു കൊണ്ടാണ് അറസ്റ്റിനു വഴങ്ങിക്കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ചെയ്ത് ആളെക്കൂട്ടി വേണമെങ്കിൽ അറസ്റ്റ് തടയാമായിരുന്നു. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായിയാണ്. ആ നിർദേശം പാലിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. നിയമസഭാ സാമാജികനായതുകൊണ്ടാണ് ഞാൻ വഴങ്ങുന്നത്. അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. നിയമത്തിനു കീഴടങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അൻവർ പറഞ്ഞു.