കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. പൊറുക്കള സ്വദേശിനിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്.
പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേദ്യപഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ ബസില്‍ നിന്ന് നേദ്യ തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ 18 കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാം, ആയ സുലോചന എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമും ആയ സുലോചനയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് എംവിഡി പരിശോധനയില്‍ കണ്ടെത്തി. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്യുന്നുവെന്നാണ് എംവഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപകടത്തിന് കാരണമാകും വിധമുള്ള മറ്റ് മെക്കാനിക്കല്‍ തകരാറുകള്‍ ഇല്ലെന്നും എംവിഡി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറിയിട്ടുണ്ട്. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എംവിഡി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.
അപകടത്തിന് കാരണം അശാസ്ത്രീയുമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധക്കുറവുമാണെന്നാണ് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. അപകടസമയത്ത് ഡ്രൈവർ നിസാം വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അപകടം നടന്ന 4.03ന് നിസാം വാട്‌സആപ്പില്‍ സ്റ്റാറ്റസ് ഇട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. വിഷയത്തില്‍ സ്ഥിരീകരണമായിട്ടില്ല. സ്‌കൂള്‍ ബസിന് മറ്റ് തകരാറുകള്‍ ഉണ്ടായിരുന്നോ എന്നും ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നും എംവിഡി പരിശോധിക്കും.
ഇറക്കം ഇറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടമായെന്ന് നിസാം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ബ്രേക്ക് നഷ്ടമായതോടെ അപകടത്തിന്റ കാഠിന്യം കുയ്ക്കാന്‍ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇത് സാധിച്ചില്ലെന്നും നിസാം പറഞ്ഞു. ബസിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നില്ലെന്നും ബ്രേക്കിന് തകരാറുണ്ടായിരുന്നുവെന്നും നിസാം പറയുന്നു.
വിഷയം സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നുവെന്നും നിസാം പറഞ്ഞിരുന്നു. അതേസമയം ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പലപ്പോഴും ബസ് വേഗത്തിലാണ് പോയിരുന്നതെന്നും കുട്ടി പറഞ്ഞിരുന്നു.