മദ്രസയിൽ നിന്ന് ടൂർ പോയ സംഘമാണ് അപകടത്തിൽ പെട്ടത്
മലപ്പുറം: മലപ്പുറം വെളിയങ്കോട് വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് ഒരു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മറ്റൊരു വിദ്യാർത്ഥിനിക്കും ഗുരുതര പരുക്കുണ്ട്. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകളും ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥിയുമായ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. വെളിയങ്കോട് ദേശീയ പാതയിൽ ഫ്‌ളൈ ഓവറിൽ ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം.
ബസിന്റെ ഇടതുവശം വശം വൈദ്യുതി പോസ്റ്റിൽ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിനിയെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു വിദ്യാർത്ഥികൾ സുരക്ഷിതരാണ്. 45 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാഗമണ്ണിലേക്ക് ടൂർ പുറപ്പെട്ട ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം