പ്രായമുള്ളയാളെ കൗണ്ടറിനു മുന്നില്‍ നിര്‍ത്തി; 16 ജീവനക്കാരെ 20മിനിറ്റ് നിര്‍ത്തിച്ച് സിഇഒ

0
2121

നോയിഡ റെസിഡന്‍ഷ്യല്‍ പ്ലോട്ട് ഡിപ്പാര്‍ട്ട്മെന്റിലെ 16 ജീവനക്കാര്‍ പഴയ സ്കൂള്‍ കാലം ഒന്നിച്ചോര്‍ത്ത് കാണും. സിഇഒയുടെ പ്രത്യേക നിര്‍ദേശപ്രകാരം 20മിനിറ്റ് നേരമാണ് ഒരേനില്‍പ്പ് നില്‍ക്കേണ്ടി വന്നത്. പ്രായമായവര്‍ക്ക്  ഉള്‍പ്പെടെ മണിക്കൂറുകളോളം കൗണ്ടറുകളില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം വന്നതിന്റെ പേരിലാണ് നോയിഡ സിഇഒ ഡോ.ലോകേഷ്. എം ജീവനക്കാര്‍ക്ക് ‘നില്‍പ്പുശിക്ഷ’ നല്‍കിയത്. 

ഓഖ്‌ല വ്യാവസായിക വികസന അതോറിറ്റി ഓഫീസില്‍ ഏതാണ്ട് 65 സിസിടിവി കാമറകളുണ്ട്. പലപല ആവശ്യങ്ങള്‍ക്കായി നൂറോളം ജനങ്ങളാണ് ദിനംപ്രതി ഓഫീസിലെത്തുന്നത്. സിസിടിവി ദൃശ്യങ്ങള്‍  പരിശോധിച്ചും സിഇഒ ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2005 ബാച്ച് ഐഎഎസ് ഓഫീസറായ ഡോ. ലോകേഷ് നോയിഡയില്‍ കഴിഞ്ഞ വര്‍ഷമാണ് ചുമതലയേറ്റെടുത്തത്. ഒരാളെയും പ്രത്യേകിച്ച് പ്രായമായവരെ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കൗണ്ടറിനു മുന്‍പില്‍ നിര്‍ത്താതിരിക്കാനുള്ള ശിക്ഷയായാണ് ജീവനക്കാരോട് 20മിനിറ്റ് നില്‍ക്കാനായി ആവശ്യപ്പെട്ടത്. 

ഇന്നലെ ഒരു വനിതാ ജീവനക്കാരിയുടെ കൗണ്ടറിനു മുന്‍പില്‍ പ്രായമുള്ളയാള്‍ കാത്തുനില്‍ക്കുന്നത് സിഇഒയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യങ്ങളില്‍ പെട്ടെന്ന് നീക്കുപോക്കുണ്ടാക്കാന്‍ അദ്ദേഹം ജീവനക്കാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ 20മിനിറ്റ് കഴിഞ്ഞും പ്രായമായ വ്യക്തി അതേ നില്‍പ്പ് നില്‍ക്കുന്നതുകണ്ടാണ് സിഇഒ ജീവനക്കാരെ ശിക്ഷിച്ചത്. 20മിനിറ്റു നേരം നിന്നുകൊണ്ട് ജോലി ചെയ്യാനാണ് സിഇഒ ആവശ്യപ്പെട്ടത്. 

കൂടുതല്‍ വനിതാജീവനക്കാരുള്ള ഓഫീസിലെ നില്‍പ്പുശിക്ഷയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സിഇഒയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് സൈബര്‍ലോകത്ത് നിറയുന്നത്. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട്  ജീവനക്കാര്‍ മനസിലാക്കാന്‍ ഈ ശിക്ഷ ഉതകുമെന്നും സൈബറിടങ്ങള്‍ പറയുന്നു.