Tuesday, 21 January - 2025

ഫിഫ ലോകകപ്പ്; വിമാനങ്ങളുടെ എണ്ണം ഉയര്‍ത്തുമെന്ന് സൗദിയ

ജിദ്ദ: 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി വിമാനങ്ങളുടെ എണ്ണം ഇരട്ടിയായി ഉയര്‍ത്തുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ വെളിപ്പെടുത്തി. അടുത്തിടെ സൗദിയ നല്‍കിയ ഓര്‍ഡറുകള്‍ പ്രകാരമുള്ള 191 പുതിയ വിമാനങ്ങള്‍ 2034 ലോകകപ്പിനു മുമ്പായി ലഭിക്കും. ഓര്‍ഡറുകള്‍ പ്രകാരമുള്ള അവസാനത്തെ വിമാനം 2032 ല്‍ കമ്പനിക്ക് ലഭിക്കുമെന്ന് സൗദിയ ഗ്രൂപ്പ് വക്താവ് എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.

2034 ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്ന ഫുട്‌ബോള്‍ ആരാധകരെയും സന്ദര്‍ശകരെയും സ്വീകരിക്കാനും 2030 വേള്‍ഡ് എക്‌സ്‌പോക്കുമുള്ള തയാറെടുപ്പുകളുടെ ഭാഗമായുമാണ് വിമാനങ്ങളുടെ എണ്ണം സൗദിയ ഉയര്‍ത്തുകയും വിമാനനിര നവീകരിക്കുകയും ചെയ്യുന്നത്.

നിലവില്‍ സൗദിയക്കു കീഴില്‍ 190 വിമാനങ്ങളാണുള്ളത്. 2034 ആകുമ്പോഴേക്കും ഗ്രൂപ്പിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 381 ആയി ഉയരും. എക്‌സ്‌പോ, ലോകകപ്പ് കാലത്ത് സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും അതിവേഗ ഗതാഗത സൗകര്യം ഒരുക്കുന്നതില്‍ ഇലക്ട്രിക് വിമാനങ്ങള്‍ (ഇലക്ട്രിക് ടാക്‌സി) പ്രധാന പങ്ക് വഹിക്കും. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന എല്ലാ നഗരങ്ങളിലും ഇലക്ട്രിക് വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. 2030 ഓടെ 200 വിദേശ നഗരങ്ങളിലേക്ക് സൗദിയ പുതുതായി സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ 100 വിദേശ നഗരങ്ങളിലേക്കാണ് സൗദിയ സര്‍വീസുകളുള്ളതെന്നും എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.

2030 ല്‍ റിയാദില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെയും 2034 ലോകകപ്പിന്റെയും പശ്ചാത്തലത്തില്‍ ഗതാഗത അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനനിര നവീകരിച്ചും ഇലക്ട്രിക് വിമാന സര്‍വീസ് പരിചയപ്പെടുത്തിയും വ്യോമയാന മേഖലയില്‍ നല്ല പരിവര്‍ത്തനത്തിന് വര്‍ധിച്ച അവസരങ്ങളുണ്ട്. ഇത് സാമ്പത്തിക, ടൂറിസം മേഖലകളില്‍ ഫലം ചെലുത്തുകയും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. 2030 വേള്‍ഡ് എക്‌സ്‌പോയും 2034 ലോകകപ്പും വ്യോമയാന മേഖലയിലുണ്ടാകുന്ന വര്‍ധിച്ച ഡിമാന്റ് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചക്ക് പിന്തുണ നല്‍കുകയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. 2030 ല്‍ സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് വ്യോമയാന മേഖല 5,300 കോടി ഡോളര്‍ സംഭാവന ചെയ്യും. ഇതില്‍ 2,080 കോടി ഡോളര്‍ വ്യോമയാന മേഖലയില്‍ നിന്ന് നേരിട്ടും 3,220 കോടി ഡോളര്‍ ടൂറിസം മേഖലയില്‍ നിന്നുമാകും.

റിയാദില്‍ നടക്കുന്ന 2030 വേള്‍ഡ് എക്‌സ്‌പോ ലോകത്തെങ്ങും നിന്നുള്ള നാലു കോടി സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോ സംഘാടനത്തിന് 780 കോടി ഡോളറിന്റെ ബജറ്റാണ് തയാറാക്കിയിരിക്കുന്നത്. ഇതിനു നാലു വര്‍ഷത്തിനു ശേഷം ലോകകപ്പ് മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിലൂടെ സൗദി അറേബ്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറും. വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 48 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യമായി സൗദി അറേബ്യ മാറും. റിയാദ്, ജിദ്ദ, അല്‍കോബാര്‍, നിയോം, അബഹ എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്‌റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഇതില്‍ 11 എണ്ണം പൂര്‍ണമായും പുതുതായി നിര്‍മിക്കുന്നവയാണ്.

Most Popular

error: