വീട്ടിലേക്ക് പണം അയച്ച് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം
ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ ബംഗളുരു സ്വദേശി മരണപ്പെട്ടു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ ആണ് മരിച്ചത്. അൻപത്തിഒമ്പതു വയസായിരുന്നു.
വ്യാവസായിക നഗരിയായ ജുബൈലിൽ ഇൻഡസ്ട്രിയൽ മേഖലയിലാണ് അപകടം നടന്നത്. കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ലെന്നി ഓടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ എതിർവശത്ത് ബസിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. ലെന്നി തൽക്ഷണം മരണപ്പെട്ടു. മാസാവസാനം ലഭിച്ച ശമ്പളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ജുബൈലിലെ ഒരു കമ്പനിയിൽ നിർമാണ തൊഴിലാളിയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.





