Thursday, 5 December - 2024

ഫലസ്​തീന്​ ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച്​ പ്രധാനമന്ത്രി; ഐക്യദാർഢ്യ ദിനത്തിൽ കത്തയച്ച്​ മോദി

ന്യൂഡൽഹി: ഫലസ്​തീന്​ ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്​തീൻ ജനങ്ങൾക്കുള്ള അന്താരാഷ്​ട്ര ഐക്യദാർഢ്യ ദിനാചരണ ഭാഗമായി അയച്ച കത്തിലാണ്​ പിന്തുണ ആവർത്തിച്ചത്​. ​ഫലസ്​തീൻ ജനതയുടെ സുരക്ഷയിലും മാനുഷിക സാഹചര്യങ്ങളിലും അതീവ ഉത്​കണ്​ഠ രേഖപ്പെടുത്തുകയും ചെയ്​തു.

ഫലസ്​തീൻ ജനതയുടെ വികസനത്തിന്​ ഇന്ത്യയുടെ തുടർച്ചയായുള്ള പിന്തുണയുണ്ടാകുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. അടിയന്തര ​വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും മോദി ആഹ്വാനം ചെയ്​തു.

ഫലസ്​തീൻ ജനങ്ങൾക്ക്​ മാനുഷിക സഹായത്തി​െൻറ സുസ്​ഥിരമായ വിതരണം തുടരണം. സംഘർഷത്തിൽ നിരവധി പേർക്കാണ്​ ജീവൻ നഷ്​ടമായത്​. യുദ്ധം പശ്ചിമേഷ്യയിലെ ജനങ്ങൾക്ക്​ വലിയ ദുരിതമാണ്​ തീർത്തിട്ടുള്ളതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ശാശ്വതവും സമാധനപരവുമായുള്ള പരിഹാരത്തി​െൻറ താക്കോൽ ചർച്ചയും നയതന്ത്രവുമാണെന്ന്​ ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നു. ഒരിക്കൽ കൂടി ദ്വിരാഷ്​ട്ര പരിഹാരത്തെ പിന്തുണക്കുന്നു. ഇത്​ പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്​തീൻ രാഷ്​ട്രം സ്​ഥാപിക്കുന്നതിലേക്ക്​ നയിക്കും. ഇസ്രായേലുമായി സമാധാനത്തോടെ കഴിയാനും സാധിക്കുമെന്നും കത്തിൽ പറയുന്നു.

ഒരു ഉറച്ച വികസന പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പൂർണ പിന്തുണയും കത്തിൽ ഉറപ്പുനൽകി. ഈ യാത്രയിൽ ഇന്ത്യ ഫലസ്​തീൻ ജനതക്കൊപ്പം നിൽക്കും. അവരുടെ ആവശ്യങ്ങളും മുൻഗണനകളും അടിസ്​ഥാനപ്പെടുത്തി വിവിധ മേഖലകളിൽ ജന കേന്ദ്രീകൃത വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ​ ഉൾപ്പെടെ ഒപ്പമുണ്ടാകുമെന്നും മോദി കത്തിൽ ഊന്നിപ്പറഞ്ഞു.

ന്യൂഡൽഹിയിലെ ഫലസ്​തീൻ എംബസി മോദി​യുടെ കത്തിനെ സ്വാഗതം ചെയ്​തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അത്യധികം അഭിനന്ദിക്കുകയും ചെയ്യുന്നതായി എംബസിയിലെ പ്രതിനിധി അബെദ്​ എൽറാസഗ്​ അബൂ ജസർ പറഞ്ഞു. സന്ദേശത്തിലേത്​ വളരെ പ്രധാനപ്പെട്ട ഉള്ളടക്കമാണ്​​.

ഫലസ്​തീൻ രാഷ്​ട്രം രൂപീകരിക്കാനുള്ള ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പാക്കുകയാണത്​​. നയത​ന്ത്രവും രാഷ്​ട്രീയവുമായ പാതയിലൂടെയുള്ള ദ്വിരാഷ്​ട്ര പരിഹാരമാണ്​ ഫലസ്​തീൻ ജനത കൈവരിക്കാൻ ശ്രമിക്കുന്നതെന്നും അബൂ ജസർ വ്യക്​തമാക്കി. ഗസ്സയിൽ ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള മോദിയുടെ കത്തിനെ ഫലസ്​തീനും സ്വാഗതം ചെയ്​തു.

സെപ്​റ്റംബറിൽ യുഎൻ ജനറൽ അസംബ്ലിക്കെത്തിയ മോദിയും ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസും ന്യൂയോർക്കിൽവെച്ച്​ കൂടിക്കാഴ്​ച നടത്തിയിരുന്നു. ഗസ്സയിലെ പ്രതിസന്ധിയിൽ മോദി അന്ന്​ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ദ്വിരാഷ്​ട്ര പരിഹാരത്തിന്​ മാത്രമേ മേഖലയിൽ സുസ്​ഥിരമായ സമാധാനം​ കൊണ്ടുവരാൻ സാധ്യമാകൂ എന്നും മോദി പറഞ്ഞു.

ഐക്യരാഷ്​ട്ര സഭയിലും അന്താരാഷ്​ട്ര വേദികളിലും ഫലസ്​തീനുള്ള ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയെക്കുറിച്ചും മോദി പരാമർശിക്കുകയുണ്ടായി. മനുഷ്യത്വപരമായ സഹായത്തിനും അന്താരാഷ്​ട്ര വേദികളിലെ പിന്തുണക്കും മോദിക്ക് പ്രസിഡൻറ്​ അബ്ബാസ്​ ​നന്ദി പറയുകയും ചെയ്​തു.

Most Popular

error: